വീണ്ടും കൊലവിളിയുമായി നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. 'കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല' എന്നാണ് കോടതി പരിസരത്ത് പൊലീസിന്‍റെ നടുവില്‍ നിന്ന് ചെന്താമര പറഞ്ഞത്. ചെന്താമരയുടെ ആദ്യത്തെ കൊലപാതകക്കേസായ സജിത വധക്കേസിന്റെ വിചാരണയ്ക്ക് കോടതിയില്‍ എത്തിച്ചപ്പോഴാണ് കൊലവിളി.
ചെന്താമരയുടെ ഭാര്യ ഇന്നാണ് കോടതിയില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. നിയമത്തിന്‍റെ ഏതെങ്കിലും പഴുത് ഉപയോഗിച്ച് ഇയാള്‍ പുറത്തിറങ്ങിയാല്‍ അത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ സംഭവങ്ങള്‍.
വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.
ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ നൂറ്റി മുപ്പത്തി രണ്ട് സാക്ഷികളാണുള്ളത്. അറുപതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. കൊലപാതക സമയം നിർണായക സാക്ഷികളുടെ സാന്നിധ്യം തെളിയിക്കുന്ന ഗൂഗിൾ ടൈം ലൈൻ മാപ്പും കുറ്റപത്രത്തിലെ ശാസ്ത്രീയ രേഖയാണ്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാണ്.