തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമാണ് സംഭവം. ബിന്‍സി എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രി ബിന്‍സി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും അതാണ് കൊലയ്ക്ക് പ്രകോപനമായതെന്നും സുനില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ ബിന്‍സി വ്യാഴാഴ്ച ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് കൊല നടന്ന വിവരം ആദ്യം അറിയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇവര്‍ ബിന്‍സിയുടെ വീട്ടിലെത്തിയത്. കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. വീട്ടിനുള്ളില്‍ കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ബിന്‍സി. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ബിന്‍സിയെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
നിര്‍മാണ തൊഴിലാളിയായ സുനില്‍ സ്ഥിരം മദ്യപാനിയാണെന്നാണ് അയല്‍വാസികളടക്കം പറയുന്നത്. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് ബിന്‍സി ആരെയോ ഫോണ്‍ വിളിക്കുന്നത് കണ്ടതും കൊല ചെയ്തതും. ശാന്തിവിള ആശുപത്രിയിലുള്ള ബിന്‍സിയുടെ മൃതദേഹം പരിശോധനകള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കസ്റ്റഡിയിലുള്ള സുനിലിനെ നേമം പൊലീസ് ചോദ്യംചെയ്യുകയാണ്.