തിരുവനന്തപുരം കഴക്കൂട്ടത്ത് നാലുവയസുകാരന്‍ ഗില്‍ദറിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മഹാരാഷ്ട്രക്കാരന്‍ തന്‍ബീര്‍ ആലത്തെയാണ് രണ്ടു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നത്.
കുട്ടിയുടെ അമ്മയും ആണ്‍സുഹൃത്ത് തന്‍ബീര്‍ ആലവും കഴക്കൂട്ടത്തെ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ആ ദേഷ്യത്തില്‍ തന്‍ബീര്‍ ആലം ഒരു ടവ്വലെടുത്ത് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കി.
ഇതിനു പിന്നാലെ അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പലതവണ യുവതി കരഞ്ഞു പറഞ്ഞെങ്കിലും തന്‍ബീര്‍ കേട്ടില്ല. ഒടുവില്‍ ഏറെ നേരം കഴിഞ്ഞാണ് തന്‍ബീര്‍ ഒരു ഓട്ടോ വിളിച്ച് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പേ കുട്ടി മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിയുെട കഴുത്തിലെ പാട് ശ്രദ്ധിച്ച ഡോക്ടര്‍മാരാണ് പൊലീസിനെ വിവരം അറിയിച്ചത്. രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷം ഇന്നലെയാണ് പ്രതി കുറ്റം സമ്മതിച്ചത്. നിലവില്‍ അമ്മയ്ക്ക് കൊലയില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.