കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി അറസ്റ്റിലാകുന്നതിന് മുന്‍പ് കുറ്റസമ്മതം നടത്തിയതായി സഹോദരൻ ജോർജിന്റെ മൊഴി. എതിർ വിസ്താരം നടക്കുന്നതിനിടെ മാറാട് പ്രത്യേക കോടതിയിലാണ് മൊഴി നൽകിയത്. 2019 ഒക്ടോബർ മൂന്നാം തിയതി ജോളി ആവശ്യപ്പെട്ടതുപ്രകാരം വീട്ടിൽ വന്നപ്പോഴാണ് തെറ്റുപറ്റി പോയതായി ജോളി പറഞ്ഞതെന്നാണ് സഹോദരന് കോടതിയില്‍ പറഞ്ഞത്. ജോളിയുമായി സ്വത്ത് തർക്കവുമില്ലായിരുന്നുവെന്നും എന്നും മൊഴിയിലുണ്ട്.
2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ കൊലപാതകത്തിലാണ് ജോളി ജോസഫ് അറസ്റ്റിലാണ്. സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കുന്നത് 2019 ഒക്ടോബർ 4നാണ്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണു കേസ്. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് അന്വേഷണത്തിനു തുടക്കമിട്ടത്.
മരണങ്ങൾ കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ 2 ഇടവകകളിലെ 3 കല്ലറകളിലായി അടക്കിയ 6 മൃതദേഹങ്ങളുടെ ഭാഗങ്ങൾ പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്കയച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി ജോസഫ്, ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയെന്നതിനു ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സയനൈഡ് നൽകിയെന്നതിനു സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ജോളിയും എം.എസ്.മാത്യുവും കോഴിക്കോട് ജില്ലാ ജയിലിൽ വിചാരണത്തടവിലാണ്. മൂന്നാം പ്രതി പ്രജികുമാറിനു ജാമ്യം ലഭിച്ചു.
2023 മാർച്ച് 6 മുതൽ മാറാട് സ്പെഷൽ അഡീഷനൽ കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്.