TOPICS COVERED

ആണ്‍സുഹൃത്തിന്‍റെ വഞ്ചനയില്‍ മനംനൊന്ത് കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മരിച്ച സോന എല്‍ദോസിന്‍റെ (23) അമ്മയാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. ആരോപണവിധേയനായ റമീസ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍കാലിക ജീവനക്കാരനാണ് റമീസ്. READ MORE; ‘സ്നേഹമില്ലെന്ന് റമീസ് തെളിയിച്ചു; മരിക്കാന്‍ സമ്മതം നല്‍കി; ഞാന്‍ പോവുന്നു’

റമീസും സോനയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മാസം 30ന് സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം ഇയാളുടെ വീട്ടിലെത്തി. റമീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സ്വന്തം വീട്ടിലെത്തിയതോടെ റമീസിന്‍റെ സ്വഭാവം മാറി. സോനയെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചു. മതം മാറാന്‍ നിര്‍ബന്ധിച്ചു. മതം മാറിയാല്‍ മാത്രമേ കല്യാണം കഴിക്കൂവെന്ന് റമീസും റമീസിന്‍റെ വീട്ടുകാരും കട്ടായം പറഞ്ഞതോടെ സോന മാനസികമായി തളര്‍ന്നു. ഇവര്‍ സേനയെ വീട്ടില്‍ പൂട്ടിയിട്ടതായും വിവരമുണ്ട്.

മതം മാറാന്‍ നിര്‍ബന്ധിച്ചതോടെ സോന റമീസിന്‍റെ വീട്ടില്‍ നിന്ന് തിരിച്ച് സ്വന്തം വീട്ടിലെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് റമീസിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന സോനയുടെ കത്ത് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് സോനയുടെ അമ്മ നല്‍കിയ പരാതിപ്രകാരം റമീസ് പൊലീസ് കസ്റ്റഡിയിലായി. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം എന്നിവയടക്കം ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു. ഇവരൊക്കെ കൂടി തന്നെ മാനസികമായി തളര്‍ത്തി എന്നടക്കം ഗുരുതര ആരോപണങ്ങളാണ് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇമ്മോറല്‍ ട്രാഫിക്കിങ്ങിനു റമീസ് പിടിയിലായിട്ടുണ്ട്. അതൊക്കെ താന്‍ ക്ഷമിച്ചു പക്ഷേ തന്നോട് റമീസിന് സ്നേഹമില്ലെന്ന് തെളിഞ്ഞു. ചെയ്ത തെറ്റില്‍ റമീസിന് കുറ്റബോധമുണ്ടായിരുന്നില്ല. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും സോനയുടെ കത്തിലുണ്ട്.

ENGLISH SUMMARY:

More information has come to light in the case of a TTC student’s suicide in Kothamangalam, allegedly triggered by her boyfriend’s betrayal. The complaint was lodged with the police by the mother of the deceased, 23-year-old Sona Eldose. The accused, Ramees, is currently in police custody. He works as a temporary staff member at the Nedumbassery airport.