കോഴിക്കോട് 64 കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി ട്രെയിനിലെ സ്ഥിരം മോഷ്ടാവ്. യു പി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സൈഫ് അസ്ഖർ അലിയെ കോഴിക്കോട്ടെത്തിച്ചു. കേരളം വിട്ട പ്രതി തിരികെ കാസർകോട് എത്തിയപ്പോഴാണ് റയിൽവെ പൊലീസിന്‍റെ പിടിയിലായത്.
ഉത്തർപ്രദേശുകാരൻ ആണെങ്കിലും മഹാരാഷ്ട്രയും ദക്ഷിണേന്ത്യയും കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് സൈഫ് അസ്ഖർ അലിയുടെ മോഷണങ്ങൾ അധികവും. കഴിഞ്ഞ വെള്ളിയാഴ്ച സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ 64 കാരിയെ ചവിട്ടി വീഴ്ത്തി നടത്തിയതാണ് ഇയാളുടെ കേരളത്തിലെ ആദ്യത്തെ കവർച്ച കേസ്. റയിൽവെ വെൻഡർ ആയിരുന്ന അസ്ഖർ അലിക്ക് ട്രെയിനിൽ എളുപ്പത്തിൽ കയറി ഇറങ്ങി ശീലമുണ്ട്. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ് രീതി.
മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യയിലുമായി ഇയാൾക്ക് എതിരെ ലഹരി കേസ് ഉൾപ്പടെ 30 ഓളം കേസുകൾ ഉണ്ട്. പതിമൂന്നാം വയസു മുതൽ മോഷണം ആരംഭിച്ചയാളാണ് അസ്ഖർ അലി. കോഴിക്കോട് മോഷണത്തിന് ശേഷം മുംബൈ പനവേലിയിലേക്ക് കടന്ന പ്രതി തിരികെ കാസർകോട് എത്തിയപ്പോഴാണ് പിടിയിലായത്. കേരള റയിൽവെ പൊലീസും ആർ പി എഫും ചേർന്നുള്ള സംയുക്ത സംഘമാണ് പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്‍റെ സഹായവും അസ്ഖർ അലിയിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് സഹായകമായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃശൂർ സ്വദേശി അമ്മിണിയെ ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തി പണവും ഫോണും അടങ്ങുന്ന ബാഗ് മോഷ്ടിച്ചത്.