വർക്കല എക്സൈസ് ഓഫീസിനുള്ളിൽ മദ്യലഹരിയിൽ പ്രിവന്റീവ് ഓഫീസർ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ പ്രിവന്റീവ് ഓഫീസറായ ജെസീനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല എക്സൈസ് റേഞ്ച് ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥനായ സൂര്യനാരായണനെയാണ് ജെസീൻ ആക്രമിച്ചത്.
ജോലി സംബന്ധമായ തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലായിരുന്ന ജെസീൻ സൂര്യനാരായണനുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
സംഭവം ലഹരി നിയന്ത്രിക്കേണ്ട എക്സൈസ് ഓഫീസിനുള്ളിൽ വെച്ച് തന്നെ നടന്നത് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സൂര്യനാരായണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. അതേസമയം, ഈ വിഷയത്തിൽ മന്ത്രിതലത്തിൽ ഇടപെടലുണ്ടായെന്നും സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.