പ്രതീകാത്മക ചിത്രം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ബാലവിവാഹത്തിനായി രണ്ടു തവണ വില്‍പന നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. 2023 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ പലിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ശനിയാഴ്ച പ്രതികള്‍ അറസ്റ്റിലായി.
ഭരത് കുമാര്‍, ജഗദീഷ് കുമാര്‍, മേന ദപുബെന്‍, റത്ത രാം, ദിലീപ് കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് ഒന്‍പതിനു ട്യൂഷന്‍ ക്ലാസില്‍ പോകാനായി വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഇവര്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം. വ്യാജരേഖകള്‍ ചമച്ച് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതായി കാട്ടിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ വില്‍പന നടത്തിത്. ഇത്തരത്തില്‍ രണ്ടു തവണ ഇവര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കി.
പ്രതികള്‍ വന്‍ മനുഷ്യക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് കരുതുന്നില്ല എന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണം കാര്യക്ഷമമല്ലെന്ന് കണ്ടതോടെ കേസ് സിഐഡിക്ക് കൈമാറി. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.
2024 ഫെബ്രുവരി 16ന് സിബിഐ കേസ് അന്വേഷിച്ചു തുടങ്ങി. വിശദമായ തെളിവെടുപ്പിനും പരിശോധനകള്‍ക്കുമൊടുവില്‍ പെണ്‍കുട്ടി പലിയിലുണ്ടാകാം എന്ന നിഗമനത്തില്‍ സിബിഐ സംഘമെത്തി. അന്വേഷണസംഘം പലിയിലെത്തി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മാസം എട്ടാം തീയതി ഇവിടെയുള്ള ഒരു വീട്ടില്‍ നിന്നാണ് സിബിഐ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.