സമ്മാനം കിട്ടിയ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി വില്പനക്കാരന്റെ 5000 രൂപ തട്ടിയെടുത്തു. പക്ഷാഘാതം ബാധിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള രാധാകൃഷ്ണനെയാണ് പത്തനംതിട്ടയിൽ പറ്റിച്ചത്. മറ്റൊരാളിൽ നിന്ന് കടം വാങ്ങിയാണ് രാധാകൃഷ്ണൻ പണം കൊടുത്തത്. പക്ഷാഘാതം ബാധിച്ച് കാലുകളുടെ സ്വാധീനം ഇല്ലാതായ രാധാകൃഷ്ണന്റെ ഉപജീവനമാർഗ്ഗം ലോട്ടറിക്കച്ചവടമാണ്.
സമ്മാനം കിട്ടിയ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 5000 രൂപ രണ്ട് യുവാക്കൾ തട്ടിയെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരയിൽ 5000 രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. BL 338 764 എന്ന സംഖ്യയായിരുന്നു ഭാഗ്യക്കുറിയിലുണ്ടായിരുന്നത്. കടം വാങ്ങി പണം കൊടുത്തു.
ടിക്കറ്റ് മാറാൻ ഏജന്റിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ലോട്ടറിയിലെ 5 എന്ന അക്കം പെൻസിൽ കൊണ്ട് 8 എന്ന് മാറ്റിയെഴുതിയിരുന്നു തട്ടിപ്പ്. സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. പത്തനംതിട്ട പൊലീസ് കേസ് അന്വേഷിക്കുന്നു.