മൂന്നു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടു സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെ(65) ചേർത്തലയിലെ ഗൃഹോപകരണ ഷോറൂമിൽ എത്തിച്ച് തെളിവെടുത്തു. ജൈനമ്മ തിരോധാന കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ചത്.
Also Read: സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ വലയിലാക്കാന്‍ ശ്രമിച്ചു? ; ധ്യാനകേന്ദ്രങ്ങളിലെ പതിവ് സന്ദർശകൻ
കടുത്ത ക്ഷീണവും മറ്റു ശാരീരിക ബുദ്ധിമുട്ടും കൊണ്ട് അവശനാണെന്ന് സെബാസ്റ്റ്യൻ കോടതിയിൽ കഴിഞ്ഞ ദിവസം ബോധിപ്പിച്ചു. കാലു നീരുവച്ചിരിക്കുന്നതിനാൽ നടക്കാനും മറ്റും ബുദ്ധിമുട്ടുണ്ടെന്നും സെബാസ്റ്റ്യൻ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൻ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് നൽകിയ കിടക്ക മോശമാണെന്നും ഉറക്കം കിട്ടുന്നില്ലെന്നും പറഞ്ഞ സെബാസ്റ്റ്യൻ മറ്റൊരു കിടക്ക വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. നിയമസഹായം വേണോ എന്നു കോടതി ചോദിച്ചു. സ്വന്തം നിലയിൽ അഭിഭാഷകനെ വച്ചുകൊള്ളാമെന്നായിരുന്നു മറുപടി. പ്രതിയുടെ ആരോഗ്യപ്രശ്നങ്ങൾ മുഖവിലയ്ക്കെടുത്ത് എല്ലാ ദിവസവും വൈദ്യസഹായം ലഭ്യമാക്കണമെന്നും മരുന്ന്, ഭക്ഷണം, വെള്ളം തുടങ്ങിയവ കൃത്യമായി നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു കോടതി നിർദേശം നൽകി.
അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസില്‍ സി.എം.സെബാസ്റ്റ്യന്റെ കാറിൽനിന്നു കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. വെട്ടിമുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്.
വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാർ. പിടികൂടിയ 20 ലീറ്ററിന്റെ കന്നാസിൽ ഡീസൽ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതേസമയം മൊബൈൽ ഫോൺ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് വെട്ടിമുകളിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്.