മലപ്പുറം തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റു മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. വാടിക്കലിൽ തുഫൈൽ എത്തിയതിന് പിന്നാലെ അവിടെയുണ്ടായിരുന്ന ചില യുവാക്കളുമായി തർക്കം ആരംഭിച്ചു. ഈ തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് യുവാവിന് കുത്തേറ്റത്. തുഫൈലിനെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘത്തിൽ നാലുപേരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം.