Image/ Jitu Patwari X

മധ്യപ്രദേശില്‍ പ്രതിശ്രുത വരനൊപ്പം പുറത്തുപോയ 20 കാരിയായ ദളിത് യുവതി കൂട്ടബലാല്‍സംഗത്തിനിരയായി. നാലുപേരുടെ സംഘം പ്രതിശ്രുത വരനെ ആക്രമിച്ച ശേഷമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. സിദ്ധി ജില്ലയിലെ കുന്നിന്‍പ്രദേശത്തുവെച്ചാണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായതായി അഡീഷണൽ പോലീസ് സൂപ്രണ്ട്   അരവിന്ദ് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു. ഒളിവിൽ പോയ നാലാമനെ പിടികൂടാൻ അഞ്ച് പോലീസ് സംഘങ്ങളെ  നിയോഗിച്ചു.

ചുർഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതി പ്രതിശ്രുത വരനൊപ്പം പുറത്തുപോയതായിരുന്നു. കതൗത്തയ്ക്ക് സമീപമുള്ള റോഡരികിൽ മോട്ടോർ സൈക്കിൾ പാർക്ക് ചെയ്ത ശേഷം അവർ അടുത്തുള്ള ഒരു കുന്നിന്‍പ്രദേശത്തേക്ക് പോയി. പ്രദേശത്ത് ചുറ്റിത്തിരിയുന്ന നാല് പുരുഷന്മാർ ഇവരെ കാണാനിടയായി. അവർ യുവാവിനെ മർദ്ദിച്ച് ശേഷം ഊഴമിട്ട് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം 20കാരി പ്രതിശ്രുതവരന് സമീപമെത്തുകയും പൊലീസ് സ്റ്റേഷനിലെത്തി ആക്രമണവിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് യുവതിയെ സെമാരിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് അയച്ചു.

കൂട്ടബലാത്സംഗ സംഭവത്തിൽ ബിജെപി സർക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. മധ്യപ്രദേശിലെ ക്രമസമാധാന നിലയുടെ പരിതാപകരമായ അവസ്ഥയെ ഈ കുറ്റകൃത്യം തുറന്നുകാട്ടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ലജ്ജാകരമായ സംഭവം മുഴുവൻ മനുഷ്യത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്നും ക്രമസമാധാനത്തിന്റെ ഭയാനകമായ അവസ്ഥ എടുത്തുകാണിക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജിതു പട്വാരി പറഞ്ഞു. 

‘കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം, മധ്യപ്രദേശിൽ 7,418 ദലിത്, ആദിവാസി സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളും 338 കൂട്ടബലാത്സംഗങ്ങളും, 558 കൊലപാതകങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിദിനം ശരാശരി 7 ദളിത് അല്ലെങ്കിൽ ആദിവാസി പെൺകുട്ടികള്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നു. ഈ കണക്കുകൾ ബിജെപി സർക്കാരിന്റെ പരാജയം തെളിയിക്കുന്നു’ എന്നും ജിതു പട്വാരി വിമര്‍ശിച്ചു.

ENGLISH SUMMARY:

20-year-old Dalit woman was gang-raped in Madhya Pradesh after going out with her fiancé. A group of four attacked the fiancé before sexually assaulting the woman. The incident took place in a hilly area of Sidhi district. According to Additional Superintendent of Police (ASP) Arvind Srivastava, three people have been arrested so far. Five police teams have been deployed to trace the fourth accused, who is absconding