സ്ത്രീകളുടെ തിരോധാന കേസുകളിൽ അറസ്റ്റിലായ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിൽ അന്വേഷണ സംഘം. കസ്റ്റഡി കാലാവധി കഴിയുന്ന വ്യാഴാഴ്ച ക്കു മുൻപ് സെബാസ്റ്റ്യന്‍റെ ഭാര്യയിൽ നിന്നും മൊഴിയെടുക്കും. ബിന്ദു പദ്മനാഭൻ തിരോധാന കേസ് പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്‍റെ ഉറ്റസുഹ്യത്ത് മനോജിന്‍റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും സംശയങ്ങളുണ്ട്. തിരോധാന കേസുകൾ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കസ്റ്റഡി കാലാവധി കഴിയുന്നതിനു മുൻപ് സ്ത്രീകളുടെ തിരോധാന കേസുകളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നീക്കം. കാണാതായ ജെയ്നമ്മയുടെ മൊബൈൽ ഫോൺ സെബാസ്റ്റ്യൻ റീചാർജ് ചെയ്ത ഈരാറ്റുപേട്ടയിലെ കടയിൽ എത്തിച്ചും തെളിവെടുക്കും. സെബാസ്റ്റ്യന്‍റെ ഭാര്യയിൽ നിന്നും മൊഴിയെടുക്കും. സമാന സ്വഭാവമുള്ളവയായതിനാൽ സ്ത്രീകളുടെ തിരോധാന കേസുകൾ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു പദ്മനാഭൻ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ബിന്ദു പദ്മനാഭൻ തിരോധാന കേസിലും പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്‍റെ ഉറ്റസുഹ്യത്ത് മനോജിന്‍റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നു. ഓട്ടോ ഡ്രൈവറായ മനോജ് ആത്മഹത്യ ചെയ്തത് 2018 ലാണ്. സെബാസ്റ്റ്യനും ബിന്ദുവും പതിവായി സഞ്ചരിച്ചിരുന്നത് മനോജിന്‍റെ ഓട്ടോയിലായിരുന്നു.
ബാഗിൽ നോട്ടുകെട്ടുകളുമായി പോയി എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ ഹാജരാകേണ്ട ദിവസം ആണ് മനോജ് തൂങ്ങിമരിച്ചത്. മനോജിന്‍റെ മരണത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. സെബാസ്റ്റ്യന്‍റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്. സ്ഥലം ഇടപാടിൽ ലഭിക്കുന്ന പണം സെബാസ്റ്റ്യൻ നിക്ഷേപിക്കുന്നത് സഹ. ബാങ്കുകളിലാണ് . കുത്തിയതോട്ടിലെ സഹ ബാങ്കിൽ നിന്ന് 1.25 കോടി രൂപയും വാരനാട് സഹ. ബാങ്കിൽ നിന്നും 40 ലക്ഷം രൂപയും പിൻവലിച്ചു. പണം എന്തിനു വേണ്ടി ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.