നടി രമ്യയ്ക്ക് (ദിവ്യ സ്പന്ദന) ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല മെസേജ് അയച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. കഡൂര്‍ സ്വദേശി രാജേഷ് സി.വൈ, ഹൊസ്കോട്ടില്‍ നിന്നുള്ള ഭുവന്‍ ഗൗഡ എന്നിവരാണ് അസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഒന്‍പത് പേരെ കൂടി സെൻട്രൽ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
സിനിമ യൂണിറ്റുകളില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് ഭുവന്‍. bhuvan_bhavi__ എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്നുമാണ് ഇയാള്‍ അശ്ലീല മെസേജുകള്‍ അയച്ചത്. രമ്യയ്ക്ക് അശ്ലീല സന്ദേശങ്ങളും വിഡിയോയും അയക്കാന്‍ രാജേഷ് aishw_arya2240 എന്ന വ്യാജ അക്കൗണ്ടാണ് ഉപയോഗിച്ചത്.
ജൂലായ് 28 ന് പരാതി ലഭിച്ചതിന് പിന്നാലെ 48 പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. അശ്ലീല സന്ദേശങ്ങള്‍ വന്ന 43 അക്കൗണ്ടുകളുടെ വിവരങ്ങളാണ് രമ്യ പൊലീസിന് കൈമാറിയത്. മെസേജുകള്‍ വന്നത് നടന്‍ ദര്‍ശന്‍റെ ആരാധകരില്‍ നിന്നാണെന്ന് രമ്യ ആരോപിച്ചു. ദര്‍ശന് ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ രീതിയെ വിമര്‍ശിച്ച സുപ്രിംകോടതി നടപടിയെ പ്രശംസിച്ചുള്ള പോസ്റ്റിന് പിന്നാലെയാണ് രമ്യയ്ക്ക് നേരെ സൈബര്‍ അതിക്രമം ഉണ്ടായത്. 2024 ജൂണിൽ ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തിലാണ് ദർശന് ജാമ്യം അനുവദിച്ചിരുന്നത്.
കേസില്‍ ശനിയാഴ്ച രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു.