തമിഴ്നാട് നാമക്കലില്‍ മൂന്ന് മക്കളെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. 36 കാരനായ ഗോവിന്ദ് രാജാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണ് കാരണം എന്നാണ് പ്രാഥമിക വിവരം.
ഷോപ്പ് മാനേജറായ ഗോവിന്ദ് രാജ്, ഭാര്യ ഭാരതിക്കും നാല് മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ആഹാരം കഴിച്ചശേഷം ഭാരതി ഒരു വയസുള്ള മകനുമായി ഉറങ്ങാന്‍ മുറിയിലേക്ക് പോയി. ഗോവിന്ദ് രാജും മറ്റ് മൂന്നുമക്കളും ഹാളിലാണ് കിടന്നിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഭാരതി ഉറങ്ങുന്ന മുറിയുടെ വാതില്‍ ഗോവിന്ദ്‌രാജ് പുറത്ത് നിന്ന് പൂട്ടി. തുടര്‍ന്ന് മൂന്ന് മക്കളെ കൊല്ലുകയും ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
രാവിലെ മുറി തുറക്കാന്‍ കഴിയാതെ വന്നതോടെ ഭാരതി ബഹളം വച്ചു. ഇത് കേട്ട് എത്തിയ അയല്‍വാസികള്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 9 വയസുകാരി പ്രതീക്ഷശ്രീ, 7 വയസുള്ള റിതികശ്രീ, മൂന്നുവയസുകാരി ദേവശ്രീ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ഗോവിന്ദ്‌രാജിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏതാണ്ട് 20 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നാമക്കല്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.