വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ വീടിന് തീകൊളുത്തി യുവാവ്. സാരമായി പരുക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. സുഖ്‌വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് ചികിത്സയിലുള്ളത്. ഇവരുടെ രണ്ടുമക്കള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ വീട്ടില്‍ സ്ഥിരമായി പച്ചക്കറി കൊണ്ടുവന്നിരുന്നയാളാണ് വീടിന് തീയിട്ടതെന്ന് പിന്നീട് വ്യക്തമായി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.
ഏക്താ നഗറിലുള്ള യുവതിയുടെ വീടിനു നേരെയാണ് അതിക്രമമുണ്ടായത്. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇവരുടെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. പച്ചക്കറിയുമായി വീട്ടിലെത്തിയിരുന്ന യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി സുഖ്‌വീന്ദര്‍ കൗറിനെ സമീപിച്ചിരുന്നുവെന്നാണ് മാതാവ് പറയുന്നത്. എന്നാല്‍ മകള്‍ക്ക് അത് താല്പര്യമില്ലായിരുന്നു. പലവട്ടം അയാളോട് പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും യുവതിയുടെ മാതാവ് പറയുന്നു.
കഴിഞ്ഞ ദിവസം ഇതേകാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ സുഖ്‌വീന്ദര്‍ കൗര്‍ അയാളുടെ മുഖത്തടിച്ചു. അത് അയാളുടെ ദേഷ്യം ഇരട്ടിയാക്കി. അപ്പോള്‍ അവിടെ നിന്ന് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയത് ഒരു കാനില്‍ പെട്രോളുമായാണ്. സുരക്ഷാമതിലിനു മുകളില്‍ കയറിനിന്നാണ് ഇയാള്‍ വീട്ടിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിനു ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയേയും മക്കളേയും ആശുപത്രിയിലാക്കി. യുവതിയുടെ നില ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി രണ്ടാമത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.