കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും കാമുകനും പിടിയിൽ. കാമുകനിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കഴിഞ്ഞ മാസം 26നാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. രണ്ട് കുട്ടികളുടെ മാതാവായ യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.
കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് മുപ്പത്തടത്തെ ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും കണ്ടെത്തിയത്. ചോദ്യം ചെയ്യലിനൊടുവിൽ മുപ്പത്തടത്തെ വീട്ടിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇന്ന് രാവിലെ കുഞ്ഞിനെയും കണ്ടെത്തി.
നിലവിൽ കുഞ്ഞ് കളമശ്ശേരി മെഡിക്കൽ കോളജിലാണ്. അമ്മയെ ഒന്നാം പ്രതിയും കാമുകൻ ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി കളമശേരി പൊലീസ് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ള യുവതിയെ ചികിസ്തയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി.