‘എടാ അവളെന്നെ ചതിച്ചു’, വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അന്‍സില്‍ ബന്ധുവിനോട് പറഞ്ഞ വാക്കുകളാണിത്. ഇന്നലെയാണ് കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജൂലൈ 30നാണ് അന്‍സിലിനെ ആശുപത്രിയില്‍ എത്തിച്ചത്.
അന്‍സിലുമായി ബന്ധമുണ്ടായിരുന്ന ചേലാട് സ്വദേശിയായ യുവതിയുടെ വീട്ടില്‍വച്ചാണ് അന്‍സില്‍ അവശനിലയിലായത്. 29ന് രാത്രിയാണ് അന്‍സില്‍ യുവതിയുടെ വീട്ടിലെത്തിയത്. 30ന് പുലര്‍ച്ചെയാണ് അന്‍സില്‍ സഹായം തേടി ബന്ധുവിനെ വിളിച്ചത്. ബന്ധു യുവതിയുടെ വീട്ടിലെത്തി അന്‍സിലിനേയുംകൊണ്ട് ആശുപത്രിയിലേക്കു പോകുംവഴിയാണ് അവളെന്നെ ചതിച്ചെന്ന് പറഞ്ഞത്. അന്‍സിലിനെ ഒഴിവാക്കാനായി യുവതി വിഷം നല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
സംഭവത്തില്‍ ചേലാട് സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഈ യുവതി തന്നെ ചതിച്ചുവെന്ന് അന്‍സില്‍ ബന്ധുവിനോട് പറഞ്ഞ കാര്യം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചതോടെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അന്‍സിലിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു.
അന്‍സിലും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും അന്‍സിലിനെ ഒഴിവാക്കാന്‍ യുവതി വിഷം നല്‍കിയെന്നുമാണ് ഉയരുന്ന ആരോപണം. അന്‍സില്‍ തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി ഒരു വര്‍ഷം മുന്‍പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍ക്കുകയും ചെയ്തിരുന്നു.