ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടനെന്ന റാപ്പര്‍ ഹിരണ്‍ ദാസ് മുരളി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ ഹൈക്കോടതിയിലാണ് വേടന്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിക്കും.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതി. പിജിക്ക് പഠിക്കുന്ന കാലത്ത് വേടനോട് ആരാധന തോന്നി . സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ യുവതിയുടെ ഫ്ലാറ്റിലെത്തിയ വേടന്‍ പിന്നീട് ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷമാണ് വിവാഹം ചെയ്യാമെന്ന് വേടന്‍ വാഗ്ദാനം ചെയ്തതെന്നാണ് അതിജീവിതയുടെ മൊഴി.
2022ല്‍ മാര്‍ച്ച് 30ന് ലഹരിയുപയോഗിച്ചെത്തിയ വേടന്‍ പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് രക്തസ്രാവമുണ്ടായതായും യുവതിയുടെ പരാതിയിലുണ്ട്. 2023 മാര്‍ച്ചില്‍ ഡോക്ടറെ ടോക്സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറി. മറ്റ് യുവതികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് തടസം നില്‍ക്കുന്നുവെന്ന് പറഞ്ഞായിരുന്നു പിന്‍മാറ്റമെന്നും പരാതിയിലുണ്ട്. വേടനുമായുള്ള തന്‍റെ ബന്ധം റാപ്പറായ ഡബ്സി അടക്കമുള്ളവര്‍ക്ക് അറിയാമെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.
പുതിയ ആല്‍ബം പുറത്തിറക്കാനടക്കം യുവതി വേടന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റിനായി മാത്രം എണ്ണായിരത്തിലേറെ രൂപ ചെലവാക്കിയിട്ടുണ്ടെന്നും ഇതിന്‍റെ തെളിവുകളും യുവതി തൃക്കാക്കര പൊലീസിന് കൈമാറി. വേടന്‍ പിന്‍മാറിയതിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നും ചികിത്സ തേടിയെന്നും മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു. കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ കോടതി രേഖപ്പെടുത്തി.
കേസെടുത്തതിന് പിന്നാലെ വേടന്‍ ഒളിവില്‍ പോകുകയായിരുന്നു. കേസ് നിയമപരമായി നേരിടുമെന്നാണ് വേടന്‍റെ കുടുംബം പ്രതികരിച്ചത്. പരാതി നല്‍കിയതോടെ അതിരൂക്ഷ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും, വീട്ടിലേക്ക് പലരും അതിക്രമിച്ച് കയറുന്നുവെന്നും അതിജീവിത പറയുന്നു.