1. അന്‍സില്‍ 2. അന്‍സിലിനെ അവശനിലയില്‍ കണ്ടെത്തിയ യുവതിയുടെ വീട്.

കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചേലാട് സ്വദേശിയാണ് അറസ്റ്റിലായ അദിനീ.  യുവതി വിഷം നല്‍കിയെന്ന് അന്‍സില്‍ പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് പറഞ്ഞിരുന്നു.  ഇതിനിടെയാണ്  അന്‍സലിന്‍റെ ഉമ്മയെ  അദീന വിഡിയോ കോള്‍ വിളിച്ചിരുന്നെന്ന നിര്‍ണായക വിവരം പുറത്തുവരുന്നത്.  അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരമാണ് അദീന വിളിച്ചറിയിച്ചത് 

Also Read: ‘എടാ അവളെന്നെ ചതിച്ചു’; ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അന്‍സില്‍ ബന്ധുവിനോട്; വീണ്ടും പ്രണയക്കൊല

 'വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്ക്കോ' എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അന്‍സിലിന്‍റെ ഉമ്മയുടെ സഹോദരന്‍റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. വീടിന്‍റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്.  വിഷകുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അദീനയ്ക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല.  തന്നെ ഒഴിവാക്കുകയെന്ന അന്‍സിലിന്‍റെ തോന്നലാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സലിന്  അദീനയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.

അദീനയുടെ മറ്റ് സൗഹൃദങ്ങളെച്ചൊല്ലി സമീപദിവസങ്ങളില്‍ അൻസിലുമായി വഴക്കുണ്ടായതായും വിവരമുണ്ട്.  ചൊവ്വാഴ്ച്ച വൈകീട്ടാണ് അൻസിൽ യുവതിയുടെ വീട്ടിലെത്തിയത്.  ബുധനാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുന്നത് .  യുവതി അറിയിച്ച പ്രകാരം വീട്ടിലെത്തിയ ബന്ധുവും പൊലീസും ചേര്‍ന്നാണ് അന്‍സലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് . ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. 

ENGLISH SUMMARY:

A man named Ansil from Kothamangalam, Kerala, died after allegedly being poisoned by a female friend. He informed police and his family about the poisoning. The friend reportedly called his mother to tell her to pick him up, escalating the investigation.