അച്ഛന്‍റെ സ്വർണമാല തട്ടിയെടുക്കാൻ മകൻ ആസൂത്രണം ചെയ്തത് ക്രൂരമായ കൊലപാതകം. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയാണ് രണ്ടര പവന്‍റെ മാല തട്ടിയെടുത്തത്. തൃശൂർ കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കിയ മകനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 

തൃശൂർ കൂട്ടാല സ്വദേശിയായ നാൽപത്തിയേഴുകാരൻ സുമേഷ് അച്ഛനെ കൊന്നതിൻ്റെ കാരണം കേട്ടപ്പോൾ പൊലീസ് ഞെട്ടി.ഇരുപത്തിയ്യായിരം രൂപയുടെ കടംവീട്ടാൻ അച്ഛനെ കൊന്നു. എഴുപത്തിമൂന്നു വയസുകാരനായ അച്ഛനെ.

വീട്ടിൽ അച്ഛൻ മാത്രം ഉള്ള സമയം നോക്കി  മകനെത്തി. നേരത്തെ വീട്ടുവളപ്പിൽ കരുതിയ വടിയെടുത്ത് തലയ്ക്കടിച്ചു. പതിനെട്ടു ഗ്രാമിൻ്റെ സ്വർണമാല തട്ടിയെടുത്ത് മടങ്ങുമ്പോൾ അച്ഛൻ മരിച്ചിട്ടില്ലെന്ന് മനസിലായി. അനക്കമുണ്ട്. വായിൽ തുണി തിരുകി കഴുത്തു ഞെരിച്ച് കൊന്നു ഈ മകൻ. മൃതദേഹം ചാക്കിലാക്കി വീടിൻ്റെ തൊട്ടടുത്ത പറമ്പിൽ തള്ളി സ്ഥലംവിട്ടു.

നേരെ പോയത് തൃശൂർ നടത്തറയിലെ സ്വർണ പണയ സ്ഥാപനത്തിൽ. അച്ഛൻ്റെ മാല പണയപ്പെടുത്തി 85000 രൂപ കിട്ടി. കടം വീട്ടി. പിന്നെ, നേരെ പോയത് പട്ടിക്കാട്ടെ ബാറിലേക്ക്. മൂക്കറ്റം മദ്യപിച്ചു. വീട്ടിൽ എത്തിയതിനു പിന്നാലെ പൊലീസ് പൊക്കി. മദ്യലഹരിയിലാണ് പിടികൂടിയത്.

പന്നി ഫാമിലെ ജീവനക്കാരനായിരുന്നു മകൻ. അച്ഛൻ സുന്ദരനാകട്ടെ വാർധക്യ പെൻഷൻ കൊണ്ട് ജീവിക്കുന്നയാൾ. സുമേഷിൻ്റെ അമ്മ വീട്ടുജോലിയ്ക്കു പോയിരുന്നു. സഹോദരൻ കൂലിപ്പണിയ്ക്കു പോകും. മറ്റൊരു മകൾ ബഹ്റനിൽ അപകടത്തിൽ മരിച്ചു.  മകളുടെ രണ്ടു മക്കൾ ഇതേവീട്ടിൽ തന്നെയാണ് താമസിക്കുന്നത്.

സുമേഷ് ആദ്യം വിവാഹം ചെയ്ത സ്ത്രീ ഉപേക്ഷിച്ചു പോയി. ഇതിൽ ഒരു മകളുണ്ട്. സ്വീഡനിലാണ് മകൾക്ക് ജോലി. പത്തു വർഷമായി ബന്ധമില്ല.രണ്ടാമത്തെ വിവാഹത്തിൽ രണ്ടു വയസുള്ള കുഞ്ഞുണ്ട്.പണത്തിനു വേണ്ടി അച്ഛനെ കൊന്ന് ചാക്കിൽ തള്ളിയ മകനെ നാട്ടുകാർ വീണ്ടും കണ്ടു. തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ.

വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ കൂസലില്ലാതെ കൊലപാതകം വിവരിച്ചു സുമേഷ്. പണയപ്പെടുത്തിയ ആഭരണം നടത്തറയിലെ കടയിൽ കണ്ടെത്തി. തലയ്ക്കടിക്കാൻ ഉപയോഗിച്ച വടിയും കിട്ടി. കോടതിയിൽ ഹാജരാക്കിയ മകനെ റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

In a shocking incident in Koottala, Thrissur, a son brutally murdered his father to steal a two-and-a-half-sovereign gold chain. The son reportedly knocked his father unconscious by hitting him on the head, then strangled him to death before taking the chain. Police are currently conducting evidence collection with the son, who had bagged his father's body after the murder.