ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ മൃതദേഹം സംസ്കരിച്ചു.രാവിലെ ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റീപോസ്റ്റ്മോർട്ടത്തിനു ശേഷമാണ് ബന്ധുകൾക്ക് വിട്ടു നൽകിയത്. അതുല്യയുടെ ഭർത്താവും പ്രതിയുമായ സതീഷ് ശങ്കറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങി.
ഇന്ന് പുലർച്ചെയാണ് മൃതദേഹം ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവന്നത്. ചവറ തെക്കുംഭാഗം പോലീസ് മൃതദേഹം ഏറ്റുവാങ്ങി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിലാണ് ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കിയത്. മാതാപിതാക്കളുടെ ആവശ്യപ്രകാരം ആണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
ഷാർജയിലെ പോസ്റ്റുമോർട്ടം നടപടികൾ സുതാര്യമാകില്ല എന്നതായിരുന്നു ഇവർ പോലീസിനെ അറിയിച്ചത്.ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മാതാപിതാക്കളുടെ പരാതിയിൽ സതീഷ് ശങ്കറിനെതിരെ കൊലപാതകം ഗാർഹിക സ്ത്രീ പീഡന നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. അതുല്യയെ നിരന്തരം ശാരീരിക ഉപദ്രവം ഏൽപ്പിക്കുന്ന ദൃശ്യങ്ങൾ കുടുംബം പോലീസിന് തെളിവായി കൈമാറിയിരുന്നു.
ജൂലായ് 19നാണ് യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയ്ക്ക് 10 വയസ്സായ മകളുണ്ട്.