ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവ് റംലത്തും ആണ് അറസ്റ്റിലായത്.  ഫസീലയുടെ  നാഭിയില്‍  നൗഫല്‍ ചവിട്ടിയെന്ന്  പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. രണ്ടാമത് ഗര്‍ഭിണിയായതിന്‍റെ പേരിലായിരുന്നു ക്രൂരപീഡനം. Also Read: ‘ഉമ്മാ നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി ഗര്‍ഭിണി

അതേസമയം, ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഫസീലയുടെ സന്ദേശങ്ങള്‍ നൊമ്പരമാകുന്നു. ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ഫസീല ജീവനൊടുക്കിയത്. ഭര്‍ത്താവിന്‍റെയും അമ്മയുടെയും പീഡനത്തില്‍ മനംനൊന്ത ഫസീല , സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ്  പുറത്തുവന്നത്. 'ഉമ്മാ, ഞാന്‍ മരിക്കുകയാണ്..ഇല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ പറയുന്നത്. Also Read: ‘കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞു; അതാണ് ദോഷമായത്’

താന്‍ ഭര്‍ത്താവിന്‍റെ കഴുത്തിന് പിടിച്ചുവെന്ന് ആരോപിച്ചും തന്നെ ഉപദ്രവിച്ചു.  ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടിയെന്നും ഫസീല തന്‍റെ ഉമ്മയ്ക്ക് അയച്ച സന്ദേശത്തിലുണ്ട്.  താന്‍ മരിക്കാന്‍ പോകുകയാണെന്നും മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തന്‍റെ അപേക്ഷയെന്നും ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജില്‍ പറയുന്നു. രാവിലെ ഏഴുമണിക്കാണ് ഫസീലയെ അവസാനമായി ഓണ്‍ലൈനില്‍ കണ്ടത്. 

ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് കഠിനമായ പീഡനം.  ഒന്നേമുക്കാല്‍ വര്‍ഷം മുന്‍പാണ് കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനായ നൗഫലുമായുള്ള ഫസീലയുടെ. 8 മാസം പ്രായമുള്ള ഒരു കുഞ്ഞും ഇവര്‍ക്കുണ്ട്. ഭര്‍തൃവീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഫസീല നിരന്തരം വീട്ടില്‍ അറിയിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ബന്ധുക്കള്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തിയത്. കുടുംബങ്ങള്‍ അകന്ന് പോകരുതെന്ന് കരുതി എല്ലാം പറഞ്ഞ് പൊരുത്തപ്പെട്ടുകയായിരുന്നുവെന്നും ഒടുവിലായി പ്രശ്നമുണ്ടായപ്പോള്‍ സംസാരിക്കാന്‍ എത്തിയിരുന്നുവെന്നും എന്നാല്‍ 'സ്വന്തം മകളെ പോലെ കരുതുമെന്ന് നൗഫലിന്‍റെ മാതാവ് പറഞ്ഞത് വിശ്വസിച്ച് മടങ്ങിപ്പോന്നുവെന്നും ബന്ധുക്കള്‍ കണ്ണീരോടെ പറയുന്നു.

ENGLISH SUMMARY:

In Irinjalakuda, the husband and mother-in-law of Faseela, a pregnant woman who died by suicide at her marital home, have both been arrested. Naufal, the husband, and his mother Ramla were taken into custody after post-mortem findings revealed injuries consistent with physical assault, including a stomp mark on Faseela’s navel area.