ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ യുവാവിനെ ശാലിനി തിരഞ്ഞുപിടിക്കുന്നത് പത്രത്തിലെ വിവാഹ പരസ്യം കണ്ടാണ്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവിനോട് പറഞ്ഞത് പൂണെയിൽ സർക്കാർ ജോലി ആണെന്നാണ്. യുവാവിന്റെ ബന്ധുക്കളുമായും സൗഹൃദം സ്ഥാപിച്ചു. അച്ഛനും അമ്മയും മിലിറ്ററി ജോലിക്കാരായിരുന്നെന്നും തനിക്ക് 45 ദിവസം മാത്രം പ്രായമുള്ളപ്പോൾ അച്ഛൻ അമ്മയെ കൊലപ്പെടുത്തി എന്നും കഥ പറഞ്ഞു. തനിച്ചുള്ള ജീവിതത്തിൽ കൂട്ടു വേണമെന്ന് തോന്നിയപ്പോൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നെന്നും ശാലിനി യുവാവിന്റെ അമ്മയെ വിശ്വസിപ്പിച്ചു.
ജനുവരി 20നായിരുന്നു കല്യാണം. മൂന്നുദിവസം വീട്ടിലെ സർവ്വ കാര്യങ്ങളും പക്വതയോടെ ചെയ്തു. ബന്ധുക്കളോട് സൗമ്യമായി സംസാരിക്കുന്നതിലും മിടുക്കി. ജോലി സ്ഥലത്തേക്ക് എന്നു പറഞ്ഞാണ് നാലാം ദിനം വീട്ടിൽ നിന്നിറങ്ങിയത്. സ്വർണാഭരണങ്ങളും പണവും ഇതിനോടകം കൈക്കലാക്കിയിരുന്നു. പിന്നീട് ഭർത്താവും വീട്ടുകാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫ്. സംശയം തോന്നിയ ഭർതൃ സഹോദരി യുവതിയുടെ ചിത്രം യൂട്യൂബിൽ നിന്ന് കണ്ടെത്തി.
തട്ടിപ്പ് വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് ശാലിനിയെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അരൂരിൽ വാടകവീട്ടിൽ വൈക്കം സ്വദേശിക്കൊപ്പം കഴിയുമ്പോഴാണ് ശാലിനി പിടിയിലാകുന്നത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.