കോഴിക്കോട് താമരശേരി ചൊമ്പ്രപറ്റയില് ഹോട്ടല്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതുപ്പാടി സ്വദേശികളായ സ്റ്റാലിന്, ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ക്കോട് വെച്ചാണ് ഇരുവരെയും പിടികൂടിയത്.
ചൊമ്പ്രപറ്റയില് പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഹോട്ടലാണ് 12 പേരടങ്ങുന്ന സംഘം കഴിഞ്ഞദിവസം തല്ലിതകര്‍ത്തത്. തുടര്‍ന്ന് ഹോട്ടലുടമ അബ്ദുറഹ്മാനും കുടുംബവും പരാതി നല്കാന് താമരശേരിയിലേക്ക് പോവുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമിസംഘം തകര്‍ത്തിരുന്നു. കാര്‍ തകര്‍ത്ത കേസിലാണ് സ്റ്റാലിനും ഷാമിലും അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ കാസര്‍ക്കോട് വെച്ചാണ് പൊലീസ് പിടികൂടിയത്.
ഹോട്ടലിലെ ചില്ലുകളും പാത്രങ്ങളും അടുക്കള ഉപകരണങ്ങളും അക്രമിസംഘം നശിപ്പിച്ചിരുന്നു. അബ്ദുറഹ്മാന്റെ ഭാര്യയെയും മകനെയും മര്‍ദിച്ചതായും പരാതി ഉണ്ട്. കഴിഞ്ഞ ദിവസം പുതുപ്പാടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കുളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹോട്ടല്‍ ഉടമ സാക്ഷിമൊഴി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.