തിരുവല്ലയിൽ നമ്പർ പ്ലേറ്റ് മറച്ച് സ്പോർട്‌സ് ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വാഹന ഉടമയ്‌ക്കെതി‌രെ തിരുവല്ല മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. 

ഞായറാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു എം.സി റോഡിലെ കുറ്റൂർ മുതൽ കല്ലിശ്ശേരി വരെ രണ്ട് ബൈക്കുകളിലായി ആറ് യുവാക്കളുടെ യാത്ര. എതിരെ വരുന്ന വാഹനങ്ങളെ അപകടപ്പെടുത്തും വിധം അമിതവേഗത്തിൽ ആയിരുന്നു സഞ്ചാരം. ഹെൽമെറ്റും ധരിച്ചിരുന്നില്ല. പ്രാവിൻ കൂടിന് സമീപത്തുവെച്ച് പിന്നാലെയെത്തിയ കാർ യാത്രികൻ മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് പേപ്പറും കൈകളും കൊണ്ട് മറയ്ക്കാൻ ശ്രമിച്ചത്. 

രണ്ടാമത്തെ ബൈക്കിന്റെ പിൻവശത്ത് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. രണ്ട് ബൈക്കുകളിൽ ഒന്നിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയെ കണ്ടെത്തുകയായിരുന്നു. തിരുവല്ല പൊലീസും നടപടി ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

In Thiruvalla, the Motor Vehicles Department has filed a case against a group of youths who performed stunts on sports bikes after covering their number plates. The enforcement wing of the Thiruvalla MVD took action against the owner of one of the vehicles.