• ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ ലൈറ്റുകൾ
  • മോഷണ വിവരം അറിഞ്ഞത് 16 ദിവസത്തിന് ശേഷം

കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ട് ഒരു സുപ്രഭാതത്തിൽ ഇരുട്ടിലായി. രാത്രിയും പുലർച്ചെയും നടക്കാനും മറ്റും നിരവധി പേർ എത്തിയിരുന്നെങ്കിലും ആരും ഇത് ശ്രദ്ധിച്ചില്ല. കണക്ഷനിലെ തകരാണ് വെളിച്ചം അപ്രത്യക്ഷമാകാൻ കാരണമെന്നായിരുന്നു അധികൃതരുടെ ധാരണ.  സൗന്ദര്യം വൽക്കരണത്തിന്റെ പേരിൽ ലക്ഷങ്ങൾ വാങ്ങിയ സ്ഥാപനത്തിലേക്കാണ് ആദ്യം കോളെത്തിയത്. ലൈറ്റ് സ്ഥലത്തുണ്ടോ എന്ന പോലും നോക്കാതെ ലൈറ്റ് കത്തുന്നില്ലെന്ന് പരാതി. സ്ഥാപനത്തിന്റെ ഉടമകൾ വന്ന നോക്കിയപ്പോളാണ് ലൈറ്റിന്റെ പൊടിപോലും സ്ഥലത്തില്ല. പൂന്തോട്ടങ്ങളിലും നടപ്പാതകളിലും വെളിച്ചത്തിനായി സ്ഥാപിക്കുന്ന ബൊള്ളാഡ് ലൈറ്റുകളാണ് നഷ്ടമായത്. തറയിൽ നിന്ന് ഒരു അടിയിലേറെ ഉയരമുള്ള ലൈറ്റിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇതോടെ അധികൃതർ സിസിടിവികൾ പരിശോധിക്കാൻ തീരുമാനിച്ചു. ഒന്നും രണ്ടല്ല ഏഴ് ലക്ഷത്തിലേറെ വിലയുള്ള നാൽപത് ലൈറ്റുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

ജൂൺ 12 ന് പുലർച്ചെ നാല് മണിയോടെയായിരുന്നു മോഷണം. രണ്ടുപേർ വന്ന ലൈറ്റ് കടയോടെ പറിച്ചെടുത്ത് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ മോഷണം അധികൃതർ അറിയുന്നത് 16 ദിവസങ്ങൾക്ക് ശേഷം. ഇതോടെ കണ്ണീരും പരാതിയുമായി കൊച്ചി സെൻട്രൽ പോലീസിനെ സമീപിച്ചു. മോഷ്ടാക്കൾക്ക് ലൈറ്റുകൾ വിൽപന നടത്തി പുട്ടടിക്കാൻ ഈ സമയം തന്നെ ധാരാളം. രണ്ടാഴ്ചയിലേറെ ഗ്രൗണ്ട് ഇരുട്ടിലായിട്ടും അറിയാത്ത അധികൃതരെ വല്ല ജയിലിലും കാവലിന് നിർത്താവുന്നതാണ്.

പതിനാറ് ദിവസം മുൻപ് നടന്ന മോഷണത്തിന്റെ തുമ്പുണ്ടാക്കാൻ സെൻട്രൽ പൊലീസ് കിണഞ്ഞ് പരിശ്രമിച്ചു. പ്രധാനമായും സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അന്വേഷണം. അന്‍പതിലേറെ സിസിടിവികൾ പരിശോധിച്ച പൊലീസിന് ഒടുവിൽ തുമ്പ് കിട്ടി. ചാക്കിലാക്കിയ ലൈറ്റുകളുമായി മഴക്കോട്ടിട്ട് മുങ്ങിയ രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ. ആക്രി പെറുക്കി നടക്കുന്നവരെന്ന വ്യാജേന മോഷണം നടത്തി മുങ്ങുന്ന മോഷ്ടാക്കൾ. ഒന്നര മാസം നീണ്ട അന്വേഷണത്തിനൊടുവിൽ നഗരത്തിൽ നിന്ന് തന്നെ മോഷ്ടാക്കൾ പിടിയിലായി. 

എറണാകുളം ചളിക്കവട്ടം  ഭാഗത്ത് ബൈപ്പാസിന് സമീപം സര്‍വ്വീസ് റോഡില്‍ ചൗധരി ഗ്രാനൈറ്റ്സിന് മുന്‍വശം മുച്ചക്രവാഹനത്തില്‍ മോഷണ മുതലുമായി പോകുന്ന സമയത്താണ് പ്രതികളെ പോലീസ് പിടികൂടിയത് . ആലപ്പുഴ  പുന്നപ്ര സ്വദേശി ആർ. നിഹാര്‍(40) , എറണാകുളം കതൃക്കടവ് AP വര്‍ക്കി നഗര്‍ സ്വദേശി രാഘവന്‍ (34) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോയി, സബ്ബ് ഇൻസ്പെക്ടർമാരായ അനൂപ് . C, വിഷ്ണു , വിജയകുമാര്‍, CPO മാരായ   ഉണ്ണികൃഷ്ണൻ ,  ഷിഹാബ് , ഹരീഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ENGLISH SUMMARY:

A major theft at Kochi's Durbar Hall Ground went unnoticed for over two weeks. Thieves stole 40 bollard lights worth over ₹7 lakh early in the morning on June 12, disguising themselves as scrap collectors. CCTV footage later revealed their act. After an extensive investigation involving more than 50 surveillance cameras, police arrested two men from Ernakulam while they were transporting the stolen goods in an auto-rickshaw. The lights had been installed as part of the area's beautification project, but officials failed to notice the theft for 16 days.