കോഴിക്കോട് പുതുപ്പാടിയില്‍ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. മണവയല്‍ സ്വദേശി പി.കെ.റനീസാണ് പണം ആവശ്യപ്പെട്ട് മാതാവ് റസിയയെ ആക്രമിച്ചത്. റനീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയോടെയാണ് 21 വയസുകാരനായ റനീസ് മാതാവ് റസിയയെ വീട്ടില്‍വച്ച് ആക്രമിച്ചത്. സന്ദര്‍ശക വീസയില്‍ വിദേശത്ത് ജോലി തേടിപ്പോയ യുവാവ് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് അടുത്തിടെയാണ് മടങ്ങിയെത്തിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടിലെത്തി അനുവാദമില്ലാതെ സ്വര്‍ണമെടുത്തു കൊണ്ട് പോയി. ഈ വിവരം മാതാവും സഹോദരിയും പൊലീസിനെ അറിയിച്ചിരുന്നു. പിന്നീട് പൊലീസ് ഇടപ്പെട്ടാണ് വില്‍ക്കാനായി കൊണ്ടുപോയ സ്വര്‍ണം തിരികെ വാങ്ങി നല്‍കിയത്.

വീട്ടിലെത്തിയ റനീസ് സ്വര്‍ണത്തിന് പകരം ഒരുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൊടുക്കാന്‍ വിസമ്മതിച്ച മാതാവ് റസിയയെ മകനായ റനീസ് കൈ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു. കത്തി ഉപയോഗിച്ച് കയ്യില്‍ കുത്തി പരുക്കേല്‍പ്പിച്ചു. നിസാര പരുക്കേറ്റ റസിയ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റനീസിനെ പൊലീസ് ഉടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മുന്‍പ് രണ്ടുതവണ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികിത്സതേടിയിട്ടുള്ള റനീസ് ഇപ്പോഴും ലഹരി ഉപയോഗം തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

In Kozhikode's Puthuppadi, a 21-year-old man under the influence of drugs assaulted his mother after demanding ₹1 lakh. Previously caught stealing gold, the youth attacked her with a knife when she refused money. He has a history of drug abuse and was arrested by the police.