കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലില്‍ നിന്നും ചാടിയ ഗോവിന്ദചാമിയുടെ ശ്രമങ്ങള്‍ വലിയ ആസൂത്രണത്തോടെയുള്ളതെന്ന് വിവരം. സെല്ലിന്‍റെ അഴികള്‍ അറുത്ത് ചാടാനുള്ള ശ്രമത്തിന് മുന്‍പ് മതില്‍ തുരന്ന് ജയിലില്‍ നിന്നും പുറത്തുകടക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനോട് ജയില്‍ ചാടുമെന്ന് ഗോവിന്ദചാമി പറയുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് ആഴ്ചകള്‍ നീണ്ട പ്ലാന്‍ ഗോവിന്ദചാമി നടപ്പാക്കിയത്. പുലര്‍ച്ചെ ഒരു മണിയോടെ പുറത്തിറങ്ങിയ ഗോവിന്ദചാമി ജയില്‍വളപ്പിലെ മതിലിന് അടുത്തേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഇത് കണ്ടില്ല. 24 മണിക്കൂറും സിസിടിവി നിരീക്ഷണം വേണ്ടിടത്ത് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇത് പുറത്തുകടക്കാന്‍ ഗോവിന്ദചാമിക്ക് എളുപ്പമായി. ഗോവിന്ദചാമി പുറത്തിറങ്ങിയ സമയം സെല്ലിന്‍റെ പരിസരത്തു വെളിച്ചമുണ്ടായിരുന്നില്ലെന്നതും അനുകൂലമായി.
മതില്‍ തുരന്ന് ജയില്‍ ചാടാനാണ് ഗോവിന്ദചാമി ആദ്യം ശ്രമിച്ചത്. ക്വാറന്‍റീന്‍ വാര്‍ഡിന്‍റെ ആറു മീറ്റര്‍ ഉയരമുള്ള മതില്‍ ഒരാള്‍ക്ക് കടക്കാന്‍ സാധിക്കുന്ന വട്ടത്തില്‍ 10 സെന്‍റീമീറ്ററോളം തുരന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പത്താം ബ്ലോക്കില്‍ നിന്നും പുറത്ത്കടന്ന് മുന്‍പ് എടുത്തുവച്ച കമ്പി കൊണ്ട് മതില്‍ തുരക്കുകയായിരുന്നു. വിചാരിച്ച വേഗത്തില്‍ തുരക്കാന്‍ കഴിയാതെ വന്നതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്. 68 സെല്ലുകളാണ് ഇവിടെയുള്ളത്. ഓരോന്നിലും ഓരോ തടവുകാരന്‍ എന്ന നിലയ്ക്കാണ് താമസമെങ്കിലും ഗോവിന്ദചാമിയെ നിരീക്ഷിക്കാനായി ഒരു തടവുകാരനെ കൂടി സെല്ലില്‍ പാര്‍പ്പിച്ചിരുന്നു. അതിസുരക്ഷ ജയിലിനെ മറ്റു ഭാഗങ്ങളുമായി വേര്‍തിരിക്കുന്ന ചെറു മതില്‍ മറികടന്നാണ് ഗോവിന്ദചാമി ക്വാറന്‍റീന്‍ വാര്‍ഡിലെത്തിയത്.
ജയില്‍ ചാടുമെന്ന് ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായിരുന്ന അബ്ദുള്‍ സത്താറിനോട് ഭീഷണി സ്വരത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും സുരക്ഷിതമായ പത്താംബ്ലോക്കില്‍ നിന്നും ചാടുമെന്നത് തമാശയായാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ച്ചാടി വന്നാല്‍ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഗോവിന്ദചാമിയുടെ ഭീഷണി.