പ്രതീകാത്മക എ.ഐ ജനറേറ്റഡ് ചിത്രം.
പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് ഇലക്ട്രിക് റിക്ഷാ ഡ്രൈവര്‍ മരണപ്പെട്ടു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് ദ്വാരകയിലെ നല റോഡില്‍ അപകടമുണ്ടായത്. നജാഫര്‍ഗ് സ്വദേശിയായ നാല്‍പതുകാരനാണ് മരണപ്പെട്ടത്. തലയ്ക്കേറ്റ മാരക പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അനിയത്തിയെക്കൂട്ടിയായിരുന്നു പതിനാറുകാരന്‍ കാറോടിച്ചുവന്നത്. കാറിന്‍റെ നിയന്ത്രണം വിട്ടപ്പോള്‍ എതിരെ വന്ന ഇലക്ട്രിക് ഓട്ടോയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയിരിക്കുന്നു മൊഴി. മരണപ്പെട്ട വ്യക്തിയുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പ്രഥമിക വിവരമെന്നും പൊലീസ് അറിയിച്ചു. ലൈസന്‍സ് ഇല്ലാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് കാര്‍ ഓടിച്ചിരുന്നത്. വീട്ടുകാരുടെ അറിവില്ലാതെയാണ് കുട്ടി കാര്‍ ഓടിച്ചതെന്നാണ് വിവരം. ഫോറന്‍സിക് പരിശോധനയടക്കം അപകടസ്ഥലത്ത് നടത്തി രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ അച്ഛനെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ലൈസന്‍സ് ഇല്ലാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കി എന്നതാണ് അച്ഛനെതിരായ കുറ്റം. അപകടകരമായ ഡ്രൈവിങ്, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധത്തില്‍ വാഹനം ഓടിച്ചു, ശ്രദ്ധക്കുറവ് മൂലം മറ്റൊരു ജീവന് അപകടമുണ്ടാക്കി എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരുക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.