തൃശൂർ ചാലക്കുടിയിൽ ബിവറേജസിൽ മോഷണം. വിലകൂടിയ വിദേശ മദ്യങ്ങൾ മോഷണം പോയി. മോഷ്ടാവിനെ പിടികൂടുന്നതിനായി ചാലക്കുടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്ന് പുലർച്ചെയാണ് ചാലക്കുടി ബവറേജസിൽ മോഷണം നടന്നത് . സിസിടിവി കാമറകൾ തകർത്തതിന് ശേഷം ഷട്ടർ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന് താല്പര്യം കൂടുതൽ വിലകൂടിയ വിദേശ മദ്യങ്ങളോടായിരുന്നു.ഡിവേഴ്സും, ജോണിവാക്കർ ഗോൾഡ് ലേബൾ ഉൾപ്പടെയുള്ള വിദേശ മദ്യങ്ങളാണ് മോഷ്ടാവ് കവർന്നത്.
ഇന്ന് രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് കാര്യം അറിയുന്നത്. തുടർന്ന് പൊലീസ് എത്തി നഷ്ടപ്പെട്ട മദ്യത്തിൻ്റെ കണക്കെടുപ്പ് നടത്തി. ഏകദേശം 75000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.