ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവിനെതിരെ കുടുംബം പരാതി നല്കി. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നല്കിയ പരാതിയില്‍ പറയുന്നു. സതീഷും അതുല്യയും ഷാര്‍ജയില്‍ താമസിച്ചുവന്നിരുന്ന വീട്ടിലാണ് അതുല്യയെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അതുല്യയുടെ പിറന്നാള്‍ ദിവസം കൂടിയാണ്.
അതേ സമയം മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന് മനോരമ ന്യൂസിനോട് പറഞ്ഞു. മകള്‍ കുറേക്കാലമായി പീഡനം അനുഭവിക്കുന്നുവെന്നും മദ്യപിച്ചുവന്ന് മര്‍ദനം സ്ഥിരമെന്നും രാജശേഖരന് പിള്ള പറഞ്ഞു. ‘ഇത്രയുംകാലം പിടിച്ചുനിന്ന മകള്‍ ഇപ്പോള്‍ മരിക്കില്ല. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന് മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു. 48 പവന് സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന് പറഞ്ഞു. ഷൂ ലെയ്സ് വരെ കെട്ടികൊടുക്കണമായിരുന്നു അവനെന്നും വേദനയോടെ പിതാവ് പറയുന്നു.
മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതുല്യ സഹോദരിയ്ക്ക് അയച്ചുനല്‍കിയിരുന്നു. താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.