കൊച്ചിയിൽ പിടിയിലായ അന്തർ സംസ്ഥാന കവർച്ചാസംഘത്തിന്റെ നിർണായക ദൃശ്യങ്ങൾ മനോരമ ന്യൂസിന്. തമിഴ്നാട്ടിൽ നിന്ന് കാർ തട്ടിയെടുത്തു കൊണ്ടുപോകുന്ന നിർണായക ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളിൽ പനങ്ങാട് പൊലീസ് പിടിച്ച കണ്ടെയ്നർ ലോറിയുമുണ്ട്. കേരളത്തിൽ ലോഡിറക്കി നാട്ടിലേക്ക് പോകും വഴി കവർച്ച നടത്താനായിരുന്നു പദ്ധതി. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തിയാണ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച കാർ ഉപേക്ഷിച്ച കൃഷ്ണഗിരിയിലെ പയ്യൂരും പരിസരവുമാണ് സംഘം ഉന്നമിട്ടതെന്നാണ് സംശയം. പിടിയിലായ രണ്ടുപേർക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കവർച്ച കേസുകൾ നിലവിലുണ്ട്.

ഇന്നലെയാണ് അന്തർ സംസ്ഥാന കവർച്ച സംഘത്തിലെ മൂന്നു പേരും, ഇവരെത്തിയ കണ്ടെയ്നർ ലോറിയും കൊച്ചി പനങ്ങാട് പൊലീസിന്റെ പിടിയിലായത്. കണ്ടെയ്നർ ലോറിയിൽ മോഷ്ടിച്ച കാറുമായി കവർച്ചാസംഘം എത്തുന്നുണ്ട് എന്ന് തമിഴ്നാട് പൊലിസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. തുടര്‍ന്ന് പുലർച്ചെ നെട്ടൂരിൽ വച്ചാണ് ഹരിയാനക്കാരായ നാജിർ അഹമ്മദ്, സഹീദ്, രാജസ്ഥാൻകാരനായ സൈക്കുൾ എന്നിവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ, മൂന്നാമൻ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശുചിമുറിയുടെ കതക് അടച്ച ശേഷം, ജനൽ തകർത്ത് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ സാഹസികമായി പൊലീസ് വീണ്ടും പിടികൂടുകയായിരുന്നു. 

കണ്ടെയ്നറിൽ നിന്ന് ഗ്യാസ് കട്ടർ അടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ സൈക്കുളിനെതിരെ രാജസ്ഥാനിൽ പത്തിലധകം കേസുകളുണ്ട്. എ.ടി.എം. കവർച്ചാ സംഘത്തിലെ അംഗങ്ങളാണോ ഇവർ എന്ന് വിശദമായി പൊലീസ് പരിശോധിച്ചുവരികയാണ്. തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച കാർ അവിടെ ഉപേക്ഷിച്ചാണ് സംഘം കേരളത്തിലെത്തിയത്. 

ENGLISH SUMMARY:

Manorama News has accessed crucial CCTV footage related to the interstate robbery gang nabbed in Kochi. The visuals reportedly show the gang stealing a car in Tamil Nadu, which was later used as part of their coordinated robbery operations across state borders. The footage also includes images of the container lorry seized by the Panangad Police. Investigators say the gang had delivered goods in Kerala and was planning to commit theft while returning to their home state. Preparations for the robbery were made in advance.