ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. 

vipanjika

വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി. അതേ സമയം വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകളാണ്.  

vipanchika-nitheesh-case

കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തിൽ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങൾ എല്ലാവരും അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോൺ കൈക്കലാക്കിയ നിതീഷും നീതുവും ചേർന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു. അതിന് മുൻപു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരൻ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗൺലോഡ് ചെയ്തു.

vipanchika-death-shailaja

തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാർ നൽകിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു.

vipanchika-sharjah-kollam-crime-n

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചത്. എന്നാൽ വിവാഹ മോചനത്തിന് നോട്ടിസ് അയച്ചതോടെയാണ് വിപഞ്ചിക ഈ കടുംകൈ ചെയ്തത്. 

vipanchika-sharjah

‘എല്ലാ സമ്മർദ്ദങ്ങളും അനുഭവിച്ചത് ഞാനാണ്. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടിൽ കിടക്കുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും നോക്കില്ല. നിതീഷിന് അയാളുടെ കാര്യം മാത്രം നോക്കി നടന്നാൽ മതി. ഒരു വർഷത്തിനിടയ്ക്ക് അയാൾ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയിൽ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ. അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാൽ അയാൾ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും മറ്റും സന്തോഷത്തോടെ കഴിയുന്നു. അയാളുടെ വായിൽ നിന്ന് പുറത്തുവരുന്ന വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട് അതിവിടെ ഞാൻ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.’ മനസു നുറുങ്ങി മരിക്കാനിറങ്ങിത്തിരിക്കും മുൻപ് വിപഞ്ചിക ഉറ്റവരോടായി പറഞ്ഞ വാക്കുകൾ വാക്കുകൾ.

‘പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാന്‍ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവര്‍ക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവര്‍ക്കും കൂട്ടുകാര്‍ക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവര്‍ക്കുമറിയാം’ വിപഞ്ചിക പറയുന്നു. 

ENGLISH SUMMARY:

In a tragic incident in Sharjah, Vipanchika Mani (33), a Malayali woman, and her one-and-a-half-year-old daughter, Vaibhavi, were found dead by hanging in their Al Nahda flat on Tuesday afternoon. Preliminary reports suggest Vipanchika killed her daughter before taking her own life