കൊല്ലപ്പെട്ട ഹരിയാന ടെന്നീസ് താരം രാധിക യാദവ് അച്ഛന്‍റെ തോക്കിന് ഇരയായി മരിക്കുന്നതിന് മുന്‍പ് അനുഭവിച്ചത് ദിവങ്ങളോളം നീണ്ട പീഡകളെന്ന് ഉറ്റസഹൃത്ത്. കൊലയ്ക്കുമുന്‍പ് 10 ദിവസമായി രാധിക നരകിക്കുകയായിരുന്നെന്നും, ഒടുവില്‍ പറയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്ന് പിതാവിനോട് പറഞ്ഞിരുന്നെന്നും സുഹൃത്ത് ഹിമാൻഷിക സിങ് രജ്പുത് സമൂഹമാധ്യമ വിഡിയോയിലൂടെ വെളിപ്പെടുത്തി.
രാധിക യാദവിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും മൂന്ന് ദിവസമായി പിതാവ് അവളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും ഹിമാന്‍ഷിക പറഞ്ഞു. ടെന്നീസ് താരമെന്ന നിലയിലുള്ള രാധികയുടെ വിജയത്തിലും സോഷ്യൽ മീഡിയയിലൂടെ വളർന്നുവരുന്ന അവളുടെ ജനപ്രീതിയിലും അച്ഛന്‍ ദീപക് യാദവ് അതൃപ്തരായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.
‘ഞാൻ അവളോടൊപ്പമായിരുന്നു, എനിക്ക് അവളെ നന്നായി അറിയാം, അവൾ വളരെ മാന്യയായ പെൺകുട്ടിയായിരുന്നു, എന്നാൽ കഴിഞ്ഞ 10 ദിവസമായി അവളുടെ ജീവിതം ദുരിതപൂർണമായി. അവൾ അച്ഛനോട് പറഞ്ഞിരുന്നു, അവൻ പറയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹത്തിന്‍റെ നിബന്ധനകൾക്കനുസരിച്ച് ജീവിക്കാമെന്നും. എന്നിട്ടും അവളുടെ അച്ഛന്‍ പിന്‍മാറിയില്ല’ – സുഹൃത്ത് വെളിപ്പെടുത്തുന്നു.
അങ്ങേയറ്റം നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നവരായിരുന്നു രാധിക യാദവിന്‍റെ മാതാപിതാക്കളെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളും അവരോട് വിശദീകരിക്കേണ്ടതിനാല്‍ വീട്ടില്‍ ശ്വാസം മുട്ടിയാണ് അവള്‍ ജീവിച്ചിരുന്നത്. സ്വന്തം സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കാനുള്ള രാധികയുടെ ആഗ്രഹവും പിതാവ് നിരസിച്ചതായും കൂട്ടുകാരി വിഡിയോയില്‍ വെളിപ്പെടുത്തി.
രാധികയുടെ പിതാവ് ദീപക് യാദവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന തലത്തിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുള്ള രാധിക യാദവ് ഗുരുഗ്രാമിൽ ടെന്നിസ് അക്കാദമി നടത്തിയിരുന്നു. മകളുടെ വരുമാനത്തിൽ ജീവിക്കുന്നു എന്നു പറഞ്ഞ് നാട്ടുകാർ ദീപക്കിനെ കളിയാക്കിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ടെന്നിസ് അക്കാദമി പൂട്ടാനും ഇയാൾ രാധികയെ നിർബന്ധിച്ചിരുന്നു.