സമീപകാല മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു റിൻസി മുംതാസ്. സൂപ്പര്‍ താരങ്ങളുടെ മുതല്‍ യുവതാരങ്ങളുടെ വരെ പുത്തന്‍ സിനിമകളുടെ പ്രൊമോഷന്‍ നടത്തിയിരുന്നത് റിൻസി മുംതാസ് ആയിരുന്നു. ഇന്‍സ്റ്റയിലെ സജീവതാരം കൂടിയാണ് റിൻസി മുംതാസ് .
ലഹരിക്കേസിൽ പിടിയിലായ റിൻസി മുംതാസ് സിനിമ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായിട്ടാണ് വിവരം. ലഹരിയിടപാടുകൾക്ക് സിനിമ ബന്ധങ്ങൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു. പാലച്ചുവടിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ സംഘടിപ്പിച്ചുവെന്ന സംശയവും പോലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്ലാറ്റിൽ പതിവായി എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
പാലച്ചുവട് കാളച്ചാലിനു സമീപത്തെ ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ ഒന്നാം ടവറിൽ 12–ാം നിലയിലെ 112–ജെ അപാർട്ട്മെന്റാണ് റിൻസിയും സംഘവും ലഹരി ഇടപാടുകൾക്കു താവളമാക്കിയത്. 7 ടവറുകളിലായി അഞ്ഞൂറോളം അപ്പാർട്ട്മെന്റുകൾ ഉള്ളതിനാൽ നിത്യേന ഒട്ടേറെ സന്ദർശകരെത്തുന്ന ഫ്ലാറ്റാണിത്. ഇതുകൊണ്ടുതന്നെ ഇവിടെ വന്നുപോകുന്നവരെ കൃത്യമായി ശ്രദ്ധിക്കാറില്ലെന്നാണു മറ്റു താമസക്കാർ പറയുന്നത്.
ചലച്ചിത്ര മേഖലയിലെ പല പ്രമുഖരുടെയും ഫോൺ നമ്പറുകൾ റിൻസിയുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർ മാത്രമാണ് 6 മാസത്തിനിടെ റിൻസിയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്. ഈ കോളുകളൊന്നും റിൻസിയുടെ ഫോണിൽ റിക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. റിൻസി വേറെ ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ റിൻസിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവുശേഖരിക്കാനുമാണ് പൊലീസിന്റെ തീരുമാനം.തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. വാടക ഫ്ലാറ്റിൽ റിൻസിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് കല്ലായി സ്വദേശി യാസർ അറാഫത്തിന്റെ സഹായത്തോടെയായിരുന്നു ലഹരി ഇടപാടുകൾ. റിൻസിയുടെയും അറാഫത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും ഓൺലൈൻ പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.