TOPICS COVERED

വ്യവസായി ഗോപാൽ ഖേംകയുടെ ഞെട്ടിക്കുന്ന കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ, ബിഹാറിലെ പട്‌നയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഷെയ്ഖ്പുര ഗ്രാമത്തിൽ ബിജെപി നേതാവായ സുരേന്ദ്ര കെവത് ആണ് വെടിയേറ്റ് മരിച്ചത്. ബിഹ്ത-സർമേര സംസ്ഥാന പാതയോരത്ത് തന്‍റെ കൃഷിയിടത്തിന് സമീപം ബൈക്കിലെത്തിയ അക്രമികളാണ് കെവാത്തിനുനേരെ വെടിയുതിര്‍ത്തത്.

പീപ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഷെയ്ഖ്പുര ഗ്രാമത്തിൽ ബൈക്കിലെത്തിയ അക്രമികൾ 52 കാരനായ ബിജെപി നേതാവിനെ  നാല് തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. . ഉടൻ തന്നെ വീട്ടുകാർ പട്‌ന എയിംസിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജലസേചന ജോലികൾ നടക്കുന്നതിനാൽ വാട്ടർ പമ്പ് ഓഫ് ചെയ്യുന്നതിനായാണ് കെവാത്ത് ബിഹ്ത-സർമേര സ്റ്റേറ്റ് ഹൈവേ-78 ലൂടെ തന്‍റെ കൃഷിയിടത്തിലേക്ക് എത്തിയത്. തിരികെ വരുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് കെവാത്തിനെ അടുത്ത് നിന്ന് വെടിവെച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. 

ഒരാഴ്ചയ്ക്കുള്ളിൽ പട്‌നയിൽ നടന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. വ്യവസായിയായ ഗോപാല്‍ ഖേംകെയുടെ കൊലപാതകത്തിന് പിന്നാലെ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി നേതാവിന്‍റെ കൊലപാതം. ജൂലായ് നാലിനാണ് ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംക പട്‌നയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബിഹാറില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്ന സംഭവവുമുണ്ടായി.

ബിജെപി നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷകക്ഷിയായ ആര്‍ജെഡി ശക്തമായി രംഗത്തെത്തി. ‘ആരോട് എന്ത് പറയാനാണ്, സത്യം കേൾക്കാനോ തെറ്റ് സമ്മതിക്കാനോ എൻഡിഎ സർക്കാരിൽ ആരെങ്കിലും തയ്യാറുണ്ടോ?’ എന്ന് തേജസ്വി യാദവ് എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

A week after the shocking murder of businessman Gopal Khemka, a BJP leader was shot dead in Patna, Bihar.Surendra Kevat, a BJP leader from Sheikhpura village, was shot dead near his farmland along the Bihata-Sarmera state highway.The assailants, who came on a motorcycle, opened fire on Kevat near his agricultural land.