TOPICS COVERED

​ഡാർക്നെറ്റ് ലഹരിശൃംഖല കേസില്‍ കെറ്റാമെലോൺ സ്ഥാപകൻ മുവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിന് ഊരാകുടുക്കായി കൂടുതല്‍ കേസുകള്‍. ചെന്നൈയിലും ഹൈദരാബാദിലും മാസങ്ങൾക്ക് മുൻപ് പിടികൂടിയ ലഹരി പാർസലുകൾ എഡിസന്‍ അയച്ചതാണെന്ന് കണ്ടെത്തി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ  പോസ്റ്റോഫീസുകളും, കുറിയർ സ്ഥാപനങ്ങളുമാണ് ലഹരിവിതരണത്തിന് തിരഞ്ഞെടുത്തത്. 

എഡിസണ്‍ ബാബു, സുഹൃത്തുക്കളായ അരുണ്‍ തോമസ്, ഡിയോള്‍ കെ വര്‍ഗീസ് എന്നിവരെ നാല് ദിവസത്തേക്കാണ് എന്‍സിബി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. ഇതിലാണ് മൂന്ന് ജില്ലകള്‍ വഴിയുള്ള ലഹരിവിതരണത്തിന്‍റെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. കെറ്റമെലോണ്‍ ലഹരിശ്യംഖലയുടെ പേരില്‍ രാജ്യത്തെ ഇരുപതിലേറെ നഗരങ്ങളിലെ ഇടപാടുകാര്‍ക്കാണ് എഡിസന്‍ കെറ്റമീനും എല്‍എസ്ഡിയും അയച്ചത്. ഇതിന് പുറമെ വിദേശ രാജ്യങ്ങളിലേക്കും ലഹരിമരുന്നെത്തി. രാജ്യത്തിനകത്തെ ലഹരിവിതരണത്തിന് പോസ്റ്റോഫീസുകളും വിദേശരാജ്യങ്ങളിലേക്ക് ലഹരിമരുന്നയക്കാന്‍ കുറിയര്‍ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി. ഇങ്ങനെ എഡിസന്‍ അയച്ച ലഹരിപാര്‍സലുകള്‍ ചെന്നൈയിലും ഹൈദരാബാദിലടക്കം മാസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു. വ്യാജ മേല്‍വിലാസങ്ങളായതുകൊണ്ടുതന്നെ ഇവ ആരാണ് അയച്ചതെന്ന്  കണ്ടെത്തുക പ്രയാസമായിരുന്നു. എഡിസന്‍ പിടിയിലായതോടെ അയച്ച പാഴ്സലുകളുടെ പൂര്‍ണവിവരങ്ങള്‍ എന്‍സിബി ശേഖരിച്ചു. ഇതില്‍ നിന്നാണ് മറ്റ് സംസ്ഥാനങ്ങളിലും പിടികൂടിയ ലഹരിപാര്‍സലുകളുടെ ഉറവിടം എഡിസനാണെന്ന് സ്ഥിരീകരിച്ചത്. കെറ്റമെലോണിന്‍റെ ഭാഗമല്ലെങ്കിലും പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമകളായ ദമ്പതികളുടെ ലഹരിയിടപാടുകള്‍ പുറത്തായതും എഡിസന്‍റെ അറസ്റ്റോടെയാണ്.  2022 ഒക്ടോബര്‍ പത്തിന് 620 ഗ്രാം കെറ്റമീനാണ് ഇരുവരും ഓസ്ട്രേലിയയിലേക്ക് അയച്ചത്. കൊച്ചിയില്‍ ലഹരിപാര്‍സല്‍ കസ്റ്റംസ് പിടികൂടി പക്ഷെ മേല്‍വിലാസം വ്യാജമായിരുന്നു. വാഴക്കുളത്തെ കുറിയര്‍ സ്ഥാപനത്തില്‍ നിന്നാണ് പാര്‍സല്‍ അയച്ചതെന്ന് കണ്ടെത്തിയ എന്‍സിബി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ടുടമ ഡിയോള്‍ കെ വര്‍ഗീസും ഭാര്യ അഞ്ജുവും കുടുങ്ങിയത്. പ്രതികളെ അടുത്ത ദിവസം എന്‍സിബി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ENGLISH SUMMARY:

In the darknet drug trafficking case, more charges have been filed against Edison Babu from Muvattupuzha, founder of 'Ketamelon'. Investigations revealed he sent drug parcels seized months ago in Chennai and Hyderabad. He used post offices and courier services in Ernakulam, Kottayam, and Idukki for distribution.