TOPICS COVERED

പത്തനംതിട്ട പോക്സോ കേസ് അട്ടിമറിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി ഒരു മാസമായിട്ടും, ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയില്ല. ആറന്‍മുള സിഐ ആണ് അറസ്റ്റടക്കം വൈകിപ്പിച്ച് പ്രതിക്ക് ഒളിവില്‍പോകാന്‍ അവസരം ഒരുക്കിയതെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ കേസില്‍ സിഡബ്ല്യുസി ചെയര്‍മാനും പുറത്തായിരുന്നു.

പതിനാറുവയസുകാരിയെ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ച കേസിലാണ് തുടര്‍നടപടികള്‍ മരവിച്ചത്. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് കോന്നി ഡിവൈഎസ്പിയും സിഐയും സസ്പെന്‍ഷനിലായിട്ട് ഒരു മാസം കഴിഞ്ഞു. 2024 ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് എസ്പിക്ക് പരാതി നല്‍കിയെങ്കിലും പീഡനം നടന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് കോന്നിയിലെ അന്വേഷണം അവസാനിച്ചത്. 

ഡിസംബറില്‍ പെണ്‍കുട്ടി തന്നെ പരാതി നല്‍കിയതോടെ കോന്നി പൊലീസ് 14–12–2024 ല്‍ കേസെടുത്ത് ഓണ്‍ലൈന്‍ വഴിആറന്‍മുളയ്ക്ക് കൈമാറി. 48 മണിക്കൂറാണ് ആറന്‍മുള സിഐ കേസ് നടപടി വൈകിച്ചത്. കേസിലെ രണ്ടാംപ്രതിയായ പിതൃസഹോദരിയെ അറസ്റ്റ് ചെയ്തിട്ടും ഒന്നാം പ്രതിയെ പിടികൂടിയില്ല. ഡിസംബര്‍ 22 വരെ പ്രതിയുടെ ഫോണ്‍ ഓണായിരുന്നു. ഈ സമയം ലൊക്കേഷന്‍ കണ്ടെത്തിയിട്ടും ആറന്‍മുള സിഐ പ്രതിയെ അറസ്റ്റ് ചെയ്തില്ല. പിന്നീട് അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

കേസ് രേഖകളുമായി ഹൈക്കോടതിയിലെത്തി സര്‍ക്കാര്‍ അഭിഭാഷകയെ കാണുന്നതിലും ആറന്‍മുള സിഐ വീഴ്ച വരുത്തി. പിന്നീട് പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാറാണ് പെണ്‍കുട്ടിയെ ഹൈക്കോടതിയിലെത്തി ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്‍ നായര്‍ക്ക് നേരിട്ട് മൊഴി കൊടുപ്പിച്ചത്. നടപടികളില്‍ വീഴ്ച വരുത്തിയതോടെ സിഡബ്ല്യുസി ചെയര്‍മാനും പുറത്തായി. ഇത്ര നടപടികള്‍ വന്നിട്ടും ഗുരുതര വീഴ്ചകള്‍ വരുത്തിയ ആറന്‍മുള എസ്എച്ച്ഒയ്ക്കെതിരെ നടപടി ഉണ്ടായില്ല. 2024 ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയ കാലത്ത് എസ്പിയായിരുന്ന സുജിത് ദാസും വീഴ്ച വരുത്തിയെത്തിയെന്നും ആരോപണമുണ്ട്. 

ENGLISH SUMMARY:

Despite two officials being suspended for a month in connection with the alleged sabotage of a POCSO case in Pathanamthitta, no action has yet been taken against those who committed serious lapse