ഒമാനിൽ നിന്ന് ഈന്തപ്പഴത്തിൽ കടത്തിക്കൊണ്ടുവന്ന രണ്ടുകോടി രൂപ വിലമതിക്കുന്ന ഒന്നേകാൽ കിലോ എംഡിഎംഎയുമായി നാലംഗസംഘം പിടിയിൽ. രാസലഹരിവിൽപ്പന ശൃംഖലയിൽ ഡോൺ എന്ന് അറിയപ്പെടുന്ന സൈജുവും കൂട്ടാളികളുമാണ് തിരുവനന്തപുരം കല്ലമ്പലത്ത് പിടിയിലായത്. 

ഒമാനിൽ നിന്ന് സൈജുവിനൊപ്പം എത്തിയ കുടുംബത്തെ പൊലീസ് കസ്റ്റഡിയിലെടുത്തില്ല. ഷൈജുവിന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ്.പി കെ.എസ്.സുദർശൻ പറഞ്ഞു   

സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും രാസലഹരി വേട്ടയാണ് തിരുവനന്തപുരം റൂറൽ പൊലീസ് നടത്തിയത്. രണ്ടു കോടി രൂപ വിലമതിക്കുന്ന ഒരു കിലോ 265 ഗ്രാം എംഡിഎംഎയും 17 ലീറ്റർ വിദേശമദ്യവുമാണ് പിടികൂടിയത്. ലഹരിമരുന്ന് മാഫിയയിലെ ഡോൺ ആയ സൈജുവിന്‍റെ ആരും സംശയിക്കാത്ത പ്ളാൻ പൊലീസ് പൊളിച്ചത് മാസങ്ങളുടെ നിരീക്ഷണത്തിലാണ്. 

കുടുംബത്തിനും കൂട്ടാളിയായ നന്ദുവിനും ഒപ്പം നാട്ടിൽ അവധിക്ക് വരുന്ന സാധാരണ പ്രവാസിയെ പോലെയാണ് സൈജു വന്നിറങ്ങിയത്. സംശയം തോന്നാത്തവിധം ഈന്തപ്പഴത്തിനുള്ളിൽ എംഡിഎംഎ കടത്തിയുള്ള വരവ്. വിമാനത്താവളത്തിനുള്ളില്‍നിന്ന് പരിശോധനയില്ലാതെ പുറത്തിറങ്ങിയ സൈജുവിനെ കാത്ത് കൂട്ടാളികളായ ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവർ ഒരു കാറും പിക്കപ്പുമായി കാത്തുനിന്നു. ഈ വാഹനങ്ങളിൽ വർക്കലയിലേക്ക് തിരിച്ച  സൈജുവിനെ കാത്ത് പൊലീസ് വലവിരിച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞ കുറേകാലമായി സൈജു നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ്.  

പിക്കപ്പ് വാഹനത്തിൽ ഈന്തപ്പഴത്തിന്‍റെ ബോക്സിനുള്ളിലായിരുന്നു എംഡിഎംഎ. സൈജുവിന്‍റെ വിദേശയാത്രകളും സ്വത്ത് സമ്പാദനവും സാമ്പത്തിക ഇടപാടുകളും എല്ലാം പൊലീസ് വിശദമായി പരിശോധിക്കും. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സൈജുവിനൊപ്പം കുടുംബം ഉണ്ടായിരുന്നെങ്കിലും അവരെ വിട്ടയച്ചു. കുടുംബത്തിന്റെ പങ്ക് കണ്ടെത്തിയാൽ കസ്റ്റഡിയിലെടുക്കും.  

ENGLISH SUMMARY:

A four-member gang, including Saiju, known as 'Don' in the chemical drug sales network, has been arrested in Kallambalam, Thiruvananthapuram. They were caught with approximately 1.25 kg of MDMA, valued at ₹2 crore, which was smuggled into India from Oman hidden inside dates. This significant bust highlights an international drug trafficking operation.