ഓട്ടോക്കൂലി ചോദിച്ച ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. തൃശൂര്‍ പെരുമ്പിലാവിലാണ് അതിക്രൂരമായ സംഭവം നടന്നത്. പരുക്ക് പറ്റിയ ഓട്ടോ ഡ്രൈവര്‍ ഷാജഹാന് ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പിലാവില്‍ ബാറിനു സമീപത്തു നിന്നാണ് മദ്യലഹരിയിലായിരുന്ന തമിഴ്നാട്ടുകാരന് ചിന്നരാജ് ഓട്ടം വിളിച്ചത്. പെരുമ്പിലാവിലെ ആനക്കല്ലില്‍ വീടിനു സമീപത്ത് ഓട്ടോ നിര്‍ത്തി കാശ് ചോദിച്ചപ്പോള്‍ ചിന്നരാജ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. അന്പത്തിയേഴുകാരനായ പെരുമ്പിലാവ് സ്വദേശി ഷാജഹാന് തലയ്ക്കു പരുക്കേറ്റു. ഡ്രൈവറെ മര്‍ദ്ദിക്കുന്നത് അയല്‍വാസികള്‍ വീഡിയോയില്‍ പകര്‍ത്തി.
ഓട്ടോ ഡ്രൈവര്‍ ഷാജഹാന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. കല്ലുക്കൊത്ത് തൊഴിലാളിയാണ് അറസ്റ്റിലായ ചിന്നരാജ്. ഇയാള്‍ മദ്യലഹരിയില്‍ അക്രമം കാട്ടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.