പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകനെ വീടുകയറി ആക്രമിച്ചെന്ന് പരാതി. ഒരു ബിജെപി പ്രവർത്തകനും മൂന്ന് സിപിഎം പ്രവർത്തകർക്കും പരുക്കേറ്റു. 2023 ൽ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്ര ഉൽസവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊടികെട്ടാൻ എത്തിയതിന്റെ തുടർച്ചയെന്നാണ് സംശയം.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഘർഷം. ബിജെപി പ്രവർത്തകൻ അഖിലിനെ വീട്ടിൽ കയറി എട്ടുപേരടങ്ങിയ സിപിഎം സംഘം ആക്രമിച്ചു എന്നാണ് ബിജെപി വാദം. അഖിലിന്റെ പ്രതിരോധത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മൂന്നാമതൊരാൾക്കും പരുക്കുണ്ട്. അഖിലിനും വെട്ടേറ്റു. അഖിലും 3 സിപിഎം പ്രവർത്തകരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് നിന്ന് വാഹനം ഉപേക്ഷിച്ച് സിപിഎം പ്രവർത്തകർ രക്ഷപ്പെട്ടു എന്ന് ബിജെപി ആരോപിക്കുന്നു. സ്കൂട്ടറിൽ നിന്ന് മദ്യക്കുപ്പിയടക്കം കണ്ടെത്തി.
അതേസമയം അഖിലാണ് വീടിന് മുന്നിൽ കൂടി പോയ സിപിഎം പ്രവർത്തകരെ ആക്രമിച്ചത് എന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഇരുസംഘവും ആശുപത്രി വളപ്പിൽ തമ്പടിച്ച് നിന്നതോടെ പൊലീസ് വൻ കാവൽ ഏർപ്പെടുത്തി. ഓമല്ലൂരിലും ശക്തമായ പൊലീസ് ജാഗ്രത തുടരുകയാണ്. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്ര പരിസരത്ത് കാവിക്കൊടി കെട്ടി എന്ന് ആരോപിച്ച് 2023ൽ ഡിവൈഎഫ്ഐ പ്രവർത്തകർ ചെങ്കൊടി കെട്ടാൻ എത്തിയിരുന്നു. അന്ന് ഭക്തരും ബിജെപി പ്രവർത്തകരും ചേർന്ന് പ്രതിരോധിച്ചു. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് ആരോപണം.