ബംഗളൂരുവില്‍ 34 കാരിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ഇരയെയും സുഹൃത്തിനെയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ നാല് പേരെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റ് ചെയ്തു. രഘു എന്ന അപ്പു (23), കെഞ്ചെഗൗഡ (26), മദേശ (27), ശശികുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്‍റെ വീട്ടില്‍വച്ചാണ് യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായത്.
സുഹൃത്തായ നാഗേഷിന്‍റെ ക്ഷണപ്രകാരം അയാളുടെ വീട്ടിലേക്ക് പോയതായിരുന്നു യുവതി. ഈസമയം നാഗേഷ് തന്‍റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ രഘുവിനൊപ്പം മറ്റ് മൂന്നുപേരും നാഗേഷിന്‍റെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ സ്ത്രീയെയും നാഗേഷിനെയും പോലീസ് കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അവരെ ആക്രമിക്കുകയും സ്ത്രീയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പിന്നീട് അവർ ഇരയെ ഒരു ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിച്ചു. പ്രതികളുടെ ഭീഷണിക്കുവഴങ്ങിയ യുവതി 12,000രൂപയും നാഗേഷ് 8000രൂപയും നല്‍കി. ഇതിനുപുറമെ പ്രതികള്‍ വീട്ടുപകരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കൂടി കൊള്ളയടിച്ചശേഷമാണ് രക്ഷപ്പെട്ടത്. പൊലീസില്‍ പരാതി നല്‍കരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇര പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരനായിരുന്ന പ്രധാന പ്രതി ഓൺലൈൻ ഗെയിമിംഗിന് അടിമയാണെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി. ഗെയിമിങ്ങിലുണ്ടായ നഷ്ടം നികത്താന്‍ നാഗേഷിന്‍റെയും യുവതിയുടെയും ബന്ധം മുതലെടുത്ത് പണം തട്ടാന്‍ ഇയാള്‍ പദ്ധതിയിട്ടതാണെന്നും പൊലീസ് കണ്ടെത്തി.