അമ്മായിയുമായി അവിഹിതം ആരോപിച്ച് 24കാരനെ കടത്തിക്കൊണ്ടുപോയി തല്ലിച്ചതച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍. ബിഹാറിലെ സുപോള്‍ ജില്ലയിലാണ് സംഭവം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മിതലേഷ് കുമാര്‍ മുഖിയ എന്ന യുവാവിനെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു.
റിത ദേവിയുടെ ഭര്‍ത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മിതലേഷിനെ സ്വന്തം വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. ഭാര്യയ്ക്ക് മിതലേഷുമായി അവിഹിത ബന്ധമുണ്ടെന്നാണ് ശിവചന്ദ്ര ആരോപിക്കുന്നത്. തന്നെയും നാലു വയസ്സുള്ള മകനെയും മറന്ന് ഇങ്ങനെയൊരു ബന്ധം വച്ചുപുലര്‍ത്തിയ ഭാര്യയെ ഇനി വേണ്ട എന്നുപറഞ്ഞാണ് ശിവചന്ദ്രയുടെ നേതൃത്വത്തില്‍ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചത്.
മിതലേഷിനെ വടികൊണ്ടും അല്ലാതെയും അതിക്രൂരമായി മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാം. റിതയെ മിതലേഷിനടുത്ത് എത്തിച്ച് നിര്‍ബന്ധിച്ച് നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പറയുകയാണ് ചിലര്‍. മിതലേഷ് റിതയ്ക്ക് സിന്ദൂരം ചാര്‍ത്തുന്നതോടെ വിവാഹം കഴിഞ്ഞതായി കൂടിനില്‍ക്കുന്നവര്‍ സങ്കല്‍പിക്കുകയാണ്. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ മിതലേഷിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിതലേഷിനെ ആക്രമിച്ചവര്‍ തന്‍റെ ഭാര്യയെയും ക്രൂരമായി ആക്രമിച്ചുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. മുതുകിലും കഴുത്തിലും കയ്യിലുമെല്ലാം മിതലേഷിന് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ജീവ്ച്ഛപുരിലെ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെല്ലാമെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആക്രമണത്തിനിരയായ മിതലേഷ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഭീംപുര്‍ പൊലീസ് വ്യക്തമാക്കി.