കോഴിക്കോട് കൂടരഞ്ഞിയിൽ 39 വർഷം മുൻപ് നടന്ന കൊലപാതകം തെളിയിക്കാൻ ഇൻക്വസ്റ്റ് നടത്തിയ റിട്ട എസ് ഐ യുടെ മൊഴി എടുത്ത് പൊലീസ്. മുഹമ്മദലി തളളിയിട്ടു കൊന്നുവെന്ന് പറയുന്നയാളുടെ ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ തോമസിൽ നിന്നാണ് അന്വേഷണ സംഘം മൊഴി എടുത്തത്.തിരുവമ്പാടി എസ് ഐ ആയിരുന്ന തോമസ് ഇൻക്വസ്റ്റ് നടത്തിയ കാര്യം പൊലീസിനോട് സ്ഥിരീകരിച്ചു.
1986 ൽ കൊലപാതകം നടത്തിയെന്ന് മുഹമ്മദലി പറയുന്നതിനപ്പുറം കേസ് കോടതിയിൽ നിൽക്കണമെങ്കിൽ തെളിവുകൾ വേണം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ഇതുവരെ കണ്ടെത്താനാവാത്ത കേസിൽ ആരാണ് കൊല്ലപ്പെട്ടതെന്നതിലും ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് അന്ന് മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടത്തിയ തോമസിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയത്. ഇൻക്വസ്റ്റ് നടത്തിയ കാര്യം തോമസ് സ്ഥിരീകരിച്ചു. അതിനപ്പുറമുള്ള കാര്യങ്ങൾ തോമസിനും അറിയില്ല.
ജോലിയിൽ നിന്ന് വിരമിച്ച തോമസ് ഇപ്പോൾ പറവൂരാണ് താമസം. 1989 ൽ 30 വയസുകാരനെ മുഹമ്മദലി കൊന്നുവെന്ന കേസിലും അന്വേഷണം തുടരുകയാണ്, മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പലതും പൊലീസ് പരിശോധനയിൽ യോജിക്കുന്നുമുണ്ട്. ഈ കേസിൽ എഫ് ഐ ആർ ഇൻഡെക്സ് കിട്ടിയതിനപ്പുറം മറ്റു തെളിവുകൾ പൊലീസിന് ശേഖരിക്കാനായിട്ടില്ല.ഇത്രയും വർഷങ്ങൾക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങൾ തേടി പോയാലും ഫലം ഉണ്ടാവില്ല. അതു കൊണ്ട് രേഖകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.