മൂവാറ്റുപുഴയില്‍ പലചരക്കുകടയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ ആളെ കണ്ട് പൊലീസും നാട്ടുകാരും ഞെട്ടി. ആളുകളുടെ കണ്ണുംവെട്ടത്ത് നടന്ന മോഷണത്തിലാണ് പ്രതി കുടുങ്ങിയത്. അഞ്ച് സ്വകാര്യബസുകളുടെ ഉടമയും വ്യവസായ സ്ഥാപനങ്ങളുമെല്ലാമുള്ള കോടീശ്വരനാണ് പ്രതി. നേരില്‍ കണ്ടിട്ടും വിശ്വാസം വരാതിരുന്നതിനെ തുടര്‍ന്ന് സിസിടിവി നോക്കിയാണ് നാട്ടുകാര്‍ കള്ളനെ 'ഉറപ്പിച്ചത്'.
മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയുടമ പള്ളിയില്‍ പോയ നേരത്ത് എത്തിയ പ്രതി, കടയിലുണ്ടായിരുന്ന വെളുത്തുള്ളി ചാക്കിലും പലചരക്ക് സാധനങ്ങള്‍ പെട്ടിയോടെയും എടുത്ത് കാറില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു. കടയിലേക്ക് എത്തുന്നതിന് മുന്‍പ് തൊട്ടടുത്തുള്ള ഹോട്ടലില്‍ കയറി ബിരിയാണിയും ഇയാള്‍ കഴിച്ചതായും പണം കൊടുക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും കടയുടമയും വെളിപ്പെടുത്തി.
കടയിലെ സാധനങ്ങള്‍ നഷ്ടമായെന്ന് പലചരക്കുകടയുടമ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിക്കായി തിരച്ചില്‍ തുടങ്ങിയത്. സിസിടിവി പരിശോധിച്ചതോടെ 'കോടീശ്വരനെത്തി' സാധനങ്ങള്‍ അടിച്ചുമാറ്റി കൂളായി പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. പിന്നാലെ മിനിറ്റുകള്‍ക്കകം പൊലീസ് വീട്ടിലെത്തി. വിവരമറിയിച്ചതോടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കടയുടമയെ അറിയിക്കുകയായിരുന്നു. ഒടുവില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി പിരിഞ്ഞു. ഇതാദ്യമായല്ല 'കോടീശ്വരന്‍' മോഷണം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. സ്വന്തമല്ലാത്ത വസ്തുക്കള്‍ മോഷ്ടിച്ചെടുക്കുമ്പോള്‍ ആനന്ദം ലഭിക്കുന്ന ക്ലെപ്റ്റോമാനിയ എന്ന രോഗം പ്രതിക്കുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍.
എന്താണ് ക്ലെപ്റ്റോമാനിയ? പരിഹാരമെന്ത്?
ക്ലെപ്റ്റോമാനിയ എന്ന മോഷണാഭിരുചിയുള്ള വ്യക്തികള്‍ പലപ്പോഴും തനിക്ക് ആവശ്യമില്ലാത്തതോ സാമ്പത്തിക നേട്ടം ഇല്ലാതതോ ആയ വസ്തുക്കളാകും കൈക്കലാക്കുക. മോഷ്ടിക്കാനുള്ള അനിയന്ത്രിതമായ ആഗ്രഹമാണ് ഇത്തരം വൈകല്യമുള്ളവരില്‍ കാണപ്പെടുകയെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. മോഷ്ടിക്കാനുള്ള തീവ്രമായ പ്രേരണയെ ചെറുക്കാന്‍ ഇവര്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നതാണ് പ്രശ്നമെന്നും മോഷണം നടത്തുന്നതിന് മുന്‍പ് കടുത്ത മാനസിക പിരിമുറുക്കവും ഉത്കണ്ഠയും ഇത്തരക്കാര്‍ക്ക് അനുഭവപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. മോഷ്ടിച്ച വസ്തുക്കളോട് കൃത്യത്തിന് ശേഷം ഇക്കൂട്ടര്‍ക്ക് താല്‍പര്യം നഷ്ടമാവുകയും ചെയ്യും. തലച്ചോറിലെ സെറോടോണിന്‍റെയും ഡോപമിന്‍റെയും അസന്തുലിതാവസ്ഥ, ഉത്കണ്ഠ, വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ക്ലെപ്റ്റോമാനിയയ്ക്ക് കാരണമായേക്കാം. ഇത്തരം വൈകല്യങ്ങള്‍ രോഗമായി കാണുകയും വ്യക്തിക്ക് ചികില്‍സ നല്‍കാന്‍ കുടുംബാംഗങ്ങള്‍ മുന്‍കൈയെടുക്കുകയും വേണം.