താമരശേരിയില്‍  കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിന്‍റെ  വീടിന്‍റെ ജനല്‍ കുത്തിതുളച്ച്  മോഷണ ശ്രമം നടത്തിയത് കുപ്രസിദ്ധ മോഷ്ടാവായ എരുമാട് ജോസ് എന്ന ബര്‍മൂഡ കള്ളനെന്ന് തെളിഞ്ഞു. മോഷണം നടത്തുമ്പോള്‍ സ്ഥിരമായി ബര്‍മൂഡ ധരിക്കുന്നതു കൊണ്ടാണ് ജോസിന് ബര്‍മൂഡ കള്ളനെന്ന പേരു വന്നത്. കഴിഞ്ഞ ദിവസം മല്ലപ്പുറം കോട്ടയ്ക്കല്‍ നിന്നാണ് ജോസ് പൊലീസിന്‍റെ പിടിയിലായത്.

രണ്ട് വര്‍ഷം മുന്‍പ് താമരശേരി അമ്പായത്തോട് ഫിഷര്‍ ഫാക്ടറിക്കു സമീപം താമസിക്കുന്ന മാക്സി ജോസഫിന്‍റെ വീട് കുത്തിതുറന്ന് 7 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോളാണ് കൂടുതല്‍ മോഷണ ശ്രമങ്ങള്‍ നടത്തിയ വിവരം പുറത്തറിയുന്നത്.ജൂണ്‍ 15നായിരുന്നു കാരാടി സ്വദേശി മുനീറിന്‍റെ വീടിന്‍റെ മുന്‍വശത്തെ വാതിലിനോട് ചേര്‍ന്നുള്ള ജനല്‍ യന്ത്രം ഉപയോഗിച്ച തുളച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചത് ശബ്ദം കേട്ട് വീട്ടുകാര്‍  ഉണര്‍ന്നതോടെ ജോസ് കടന്നുകളയുകയായിരുന്നു