TOPICS COVERED

കൊച്ചിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കവർന്ന കുപ്രസിദ്ധ മോഷ്ടാവ് ചേരാനല്ലൂർ പൊലീസിന്റെ പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി നിയാസ് എന്നറിയപ്പെടുന്ന ജംഷീറാണ് പിടിയിലായത്. മോഷണത്തിനായി പ്രതിയെത്തിയ ബൈക്കും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണായകമായത്.

ഇടപ്പള്ളി നോർത്ത് വിഎഐ പടിയിലെ വീട്ടിൽ ചൊവഴ്ച പട്ടാപകലായിരുന്നു മോഷണം. മകനോടൊപ്പം താമസിക്കുന്ന സ്ത്രീ സമീപത്തെ വീട്ടിൽ പോയ തക്കം നോക്കിയായിരുന്നു മോഷണം. ബൈക്കിൽ പ്രദേശത്ത് കറങ്ങിയ ജംഷീർ വീട്ടമ്മ പോകുന്നത് കണ്ടു. വീട്ടിൽ ആരുമില്ലെന്നും വീടിന്റെ താക്കോൽ പരിസരത്തുണ്ടെന്ന് മനസിലാക്കി ജംഷീർ വീടിന് അകത്തുകയറി. വീട്ടമ്മ വീട്ടിൽ നിന്നിറങ്ങി രണ്ട് മിനിറ്റിനകം ജംഷീർ വാതിൽ തുറന്ന് അകത്തുകയറി. അലമാരയിൽ സൂക്ഷിച്ച 10 പവനും 36000 രൂപയും കൈക്കലാക്കി കടന്നു. 

വീട്ടമ്മ തിരിച്ചെത്തിയെങ്കിലും മോഷണം നടന്നത് അറിയാൻ വൈകി. കള്ളൻ കയറിയതിന്റെ ഒരു ലക്ഷണവും വീടിലുണ്ടായിരുന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണായകമായി. മോഷ്ടാവ് വീടിന് സമീപത്തേക്ക് പോകുന്നതും ബൈക്കിൽ മടങ്ങുന്നതും കൃത്യമായി സിസിടിവിയിൽ പതിഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇതേ ബൈക്കിൽ കള്ളൻ ചേരാനല്ലൂർ സിഗ്നൽ ജംക്ഷനിലെത്തിയതോടെ പിടികൂടി.

മോഷ്ടിച്ച സ്വർണ്ണം വിറ്റുകിട്ടിയ പണമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. കൂട്ടത്തിലുണ്ടായിരുന്ന അഭരണങ്ങളിൽ ചിലത് ഉരചു നോക്കി മുക്കുപണ്ടമെന്ന് കണ്ടെത്തിയതോടെ കഷ്ണങ്ങളാക്കിയിൽ കണ്ടെത്തി. ഒരു വർഷമായി ജംഷീർ കൊച്ചിയിലുണ്ട്. പതിനെട്ടാം വയസ്സിൽ ബൈക്ക് മോഷണത്തിന് അറസ്റ്റിലായ ജംഷീർ ഇരുപത് വർഷത്തിനിടെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മോഷണം നടത്തി. 

പകൽ പ്രദേശങ്ങൾ നിരീക്ഷിച്ച് ആളില്ലെന്ന് ഉറപ്പിച് മോഷണം നടത്തുന്നതാണ് രീതി. കുറിയർ സർവീസ് എന്ന പേരിലായിരുന്നു കൊച്ചിയിലെ കറക്കം. 2022 ൽ എറണാകുളം നോർത്ത് പൊലീസാണ് ജംഷീറിനെ ഒടുവിൽ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൽ കൂടുതൽപേരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.