ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽ പെട്ട് വീട്ടമ്മയ്്ക്ക് പരുക്കേറ്റതില്‍ മകൻ അറസ്റ്റിൽ. പരുക്കേറ്റ മാലതിയുടെ മകൻ പ്രേംകുമാറാണ് വീടിനു സമീപം കെണി വച്ചതെന്ന് കണ്ടെത്തി. കെണിവെച്ചതറിയാതെ അമ്മ അപകടത്തിൽ പെടുകയായിരുന്നു.
ഇന്നു രാവിലെയാണ് 65 കാരി മാലതിക്കു പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവർ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഷൊർണ്ണൂർ പൊലീസ് മകൻ പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കെണി വെച്ചത് താനാണെന്ന് സമ്മതിച്ചത്.
പന്നിശല്ല്യം രൂക്ഷമായ മേഖലയാണിത്. കെണി വെച്ച വിവരം അറിയാതെ മാലതി അപകടത്തിൽ പെടുകയായിരുന്നു. സമീപത്തെ വൈദ്യുതി ലൈനിൽ നിന്നാണ് കെണിയിലേക്ക് കണക്ഷൻ എടുത്തത്. അതിനാൽ പെട്ടെന്ന് ഷോക്കേൽക്കുകയായിരുന്നു. പ്രേകുമാറിനെ അറസ്റ്റ് ചെയ്തു മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കി. ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു കൊടുക്കുന്നതിനിടെയാണ് അപകടം കണ്ടത്. ഉടൻ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വിഛേദിച്ച് ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്തിനാലാണ് ജീവൻ രക്ഷിക്കാനായത്.