വിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ച തൊടുപുഴ സ്വദേശിനിയുടേത് ക്രൂര കൊലപാതകമെന്ന് പൊലീസ്.പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലിയാണ് ഭര്‍ത്താവിന്‍റെ പീഡനത്തില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിച്ചത് ഭര്‍ത്താവാണെന്ന് ജോര്‍ലി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നല്‍കിയിരുന്നു.
20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും ജോര്‍ലിയെ വിവാഹം കഴിച്ച് അയച്ചപ്പോള്‍ പിതാവ് ജോണ്‍ നല്‍കിയിരുന്നു.പിന്നീട് പലപ്പോഴായി നാല് ലക്ഷം രൂപ കൂടിയും നല്‍കി. എന്നാല്‍ മദ്യപിച്ച് പണം ധൂര്‍ത്തടിച്ച ടോണി, വീട്ടില്‍ നിന്നും കൂടുതല്‍ പണം വാങ്ങാന്‍ നിര്‍ബന്ധിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു. മകള്‍ അലീനയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മദ്യപിക്കുന്നതിനായി വിറ്റുകളഞ്ഞുവെന്നും പൊലീസ് കണ്ടെത്തി.
മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്നും ഭര്‍ത്താവിന്‍റെ ബന്ധുക്കളും ജോര്‍ലിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ജോര്‍ലിയുടെ പിതാവ് ആരോപിച്ചു. മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ഇദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്. ആറുമാസം മുന്‍പ് ടോണി കുടുംബത്തോടെ വാടക വീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ വച്ചും ഭാര്യയെ ഉപദ്രവിച്ചുവന്നുവെന്നും പൊലീസ് കണ്ടെത്തി. വിഷം കുടിക്കാന്‍ ഭാര്യയെ ടോണി നിര്‍ബന്ധിച്ചിരുന്നുവെന്നും കുടിച്ചില്ലെങ്കില്‍ കുടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനൊടുവില്‍ കുപ്പിയില്‍ കരുതിയിരുന്ന വിഷം ജോര്‍ലിയുടെ കവിളില്‍ കുത്തിപ്പിടിച്ച് വായ തുറപ്പിച്ച് ഒഴിക്കുകയായിരുന്നുവെന്നാണ് നിഗമനം. അറസ്റ്റിലായ ടോണിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.